തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പുറപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പുറപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി പി ജെ ജോസഫ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അധ്യക്ഷനായിരുന്നു.തൊടുപുഴ ബ്ലോക്കിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ട കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനമാണ് മണക്കാട്, പുറപ്പുഴ, കുമാരമംഗലം എന്നീ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചത്. പഞ്ചായത്തുകളില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ ആളുകളില്‍ തിരഞ്ഞെടുക്കപ്പെട്ട 100 പേരെ ഉള്‍പ്പെടുത്തിയായിരുന്നു ക്യാമ്പ്. റീജിയണല്‍ കാന്‍സര്‍ സെന്ററിലെ 3 ഡോക്ടര്‍മാരുടെയും പുറപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ രേഖാ ശ്രീധറിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായവരെ ടെസ്റ്റുകള്‍ക്ക് വിധേയേമാക്കി സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്ക് നല്‍കി. ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ 31ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മുട്ടം ഇടവെട്ടി കരിങ്കുന്നം എന്നീ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചു സംഘടിപ്പിക്കും.
- Log in to post comments