ബാലസംരക്ഷണ സംവിധാനങ്ങളുടെ ശാക്തീകരണ പദ്ധതിയുമായി ചൈല്‍ഡ്ലൈന്‍
പ്രളയ ശേഷം കുട്ടികള്‍ അനുഭവിക്കുന്ന മാനസിക -ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യൂനിസെഫുമായി സഹകരിച്ച് ചൈല്‍ഡ് ലൈന്‍ ബാലസംരക്ഷണ സംവിധാനങ്ങളുടെ ശാക്തീകരണ പദ്ധതി നടപ്പാക്കുന്നു. ജില്ലയില്‍ പൊന്നാനി നഗരസഭയിലും പെരുമ്പടപ്പ്, തിരുനാവായ, പുറത്തൂര്‍, തൃപ്രങ്ങോട്, വേങ്ങര, കരുവാരക്കുണ്ട്, ചാലിയാര്‍, ഊര്‍ങ്ങാട്ടിരി എന്നാ പ്രളയബാധിത പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാകും പദ്ധതി പ്രവര്‍ത്തനങ്ങള്‍. ബാലസംരക്ഷ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ ശ്രദ്ധ ഉറപ്പുവരുത്തുക, പഞ്ചായത്ത് തല ബാലസംരക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, ജനങ്ങളില്‍ ബാലസംരക്ഷണ ബോധം വളര്‍ത്തുക, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുക, കുട്ടികള്‍ക്കിടയില്‍ ശാരീരികവും മാനസികപരവുമായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക, അതിക്രമങ്ങള്‍ക്കിരയാവുന്നതില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. ബാലസംരക്ഷ സംവിധാനങ്ങളുടെ ശാക്തീകരണത്തോടെ ബാലസഭകളെ സജീവമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികളുമായി നേരിട്ടോ പരോക്ഷമായോ ഇടപെടുന്ന സംവിധാനങ്ങള്‍ക്ക് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും ജില്ലയിലെ ബാലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. അംഗനവാടികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ആശാ പ്രവര്‍ത്തകര്‍, പാരാലീഗല്‍ പ്രവര്‍ത്തകര്‍, ക്ലബുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുക. കുട്ടികള്‍ക്കായി കലാകായിക ക്യാമ്പുകള്‍, ബോധവത്ക്കരണ ക്ലാസുകള്‍, ക്യാമ്പുകള്‍ എന്നിവയുമൊരുക്കും. കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ സ്‌കൂളുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അതത് പഞ്ചായത്തുകളിലെ കുട്ടികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍, സാമൂഹ്യബോധമുള്ള കലാകാരന്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ചുമര്‍ചിത്രങ്ങളും വരയ്ക്കും. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കാണാനാകുന്ന വിധത്തില്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1098 നമ്പറും പ്രദര്‍ശിപ്പിക്കും ഇക്കാര്യത്തില്‍ നഗരസഭാ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സഹകരണം ഉറപ്പാക്കുമെന്ന് ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ മീന കുരുവിള, ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം എന്നിവര്‍ അറിയിച്ചു.
- Log in to post comments