വെങ്ങാനൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സ്കൂള്‍ വിക്കി അവാര്‍ഡ്
** സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ഏര്‍പ്പെടുത്തിയ പ്രഥമ കെ. ശബരീഷ് സ്മാരക സ്കൂള്‍ വിക്കി അവാര്‍ഡില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം വെങ്ങാനൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കരസ്ഥമാക്കി. മലപ്പുറം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പുരസ്കാര വിതരണ ചടങ്ങില്‍ 25,000 രൂപയുടെ ചെക്കും ട്രോഫിയും പ്രശസ്തിപത്രവും ലഭിച്ചു.
വെങ്ങാനൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് വേണ്ടി പ്രഥമാധ്യാപിക ബി.കെ. കലയും ഐ.ടി കോ ഓര്‍ഡിനേറ്റര്‍ ദീപയും ചേര്‍ന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സ്കൂള്‍ വിക്കി എന്ന ആശയം നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കൈറ്റിന്റെ മലപ്പുറം കോഓര്‍ഡിനേറ്റര്‍ ആയിരുന്ന കെ. ശബരീഷിന്റെ സ്മരണാര്‍ഥമാണ് സ്കൂള്‍ വിക്കി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി 'കൈറ്റ്' ആരംഭിച്ച സ്കൂള്‍ വിക്കി പോര്‍ട്ടല്‍ പൂര്‍ണമായും പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്ന ഇന്ത്യന്‍ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ വിവര സംഭരണിയാണ്. എല്ലാ സ്കൂളുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടന്‍ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരണത്തിന്റെ കലവറയാണ് സ്കൂള്‍ വിക്കി. കൂടാതെ ഓരോ സ്കൂളിലെയും വിവിധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള പൂര്‍ണ ചുമതല അതത് സ്കൂളുകള്‍ക്കാണ്.
(പി.ആര്.പി. 2469/2018)
- Log in to post comments