ചരിത്രം കുറിച്ച് കിളിമാനൂര്‍ പഞ്ചായത്ത്:
* നാലാം തവണയും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പുരസ്കാരം
കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിനു തുടര്‍ച്ചയായി നാലാം തവണയും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പുരസ്കാരം. ആരോഗ്യരംഗത്ത് പഞ്ചായത്ത് നടപ്പാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് തുടര്‍ച്ചയായി നാലാം തവണയും പരുസ്ക്കാരമെത്തിയത്. ആരോഗ്യരംഗത്തെ പ്രാഥമിക മുന്‍കരുതലുകള്‍ മുതല്‍ രോഗപ്രതിരോധ നടപടികള്‍ വരെ ചിട്ടയോടെ നടപ്പാക്കുന്ന പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാണ്. വിവിധ വാര്‍ഡുകളിലായി 16 പാലിയേറ്റീവ് ഹോം കെയറുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ കഴിയുന്ന 87 രോഗികള്‍ക്കും മരുന്നുകളും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും അധികൃതര്‍ യഥാസമയം എത്തിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണ ഇവര്‍ക്കായി കുടുംബസംഗമവും വിളിച്ചു ചേര്‍ക്കുന്നുണ്ട്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനത്തിലധികം ധനവിനിയോഗം നടത്തി പദ്ധതികള്‍ പൂര്‍ത്തിയാക്കിയ കിളിമാനൂര്‍ പഞ്ചായത്ത് മേഖലയില്‍ ജില്ലയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഡിസംബറോടു കൂടി നൂറുശതമാനം പദ്ധതി നിര്‍മാണം നടത്താനാണ് ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കും തുടക്കമായി.
പഞ്ചായത്തിലെ ഭവനരഹിതരായ 117 പേരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണത്തിനുള്ള തുടക്കം കുറിച്ചു. ഇതില്‍ 100 പേര്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. കൂടാതെ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 18 അങ്കണവാടികളിലും ശിശുസൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കും. പുതുതായി അഞ്ച് അങ്കണവാടികള്‍ നിര്‍മിക്കാന്‍ സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു.
(പി.ആര്.പി. 2471/2018)
- Log in to post comments