അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും: കെ വി സുമേഷ്; ആവാസവ്യവസ്ഥ ആഘാത പഠനം: ജില്ലാതല ശില്‍പ്പശാല നടത്തി
അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. പ്രളയം നമുക്ക് കാണിച്ചു തന്ന യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് കാര്യമില്ലെന്നും പ്രകൃതിദുരന്തം മൂലം കേരളത്തിലെ പരിസ്ഥിതി-ജൈവ--ആവാസവ്യവസ്ഥകള്‍ക്കുണ്ടായ ആഘാത പഠനത്തിനു മുന്നോടിയായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ശില്‍പ്പശാലയില്‍ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പ്രളയം ബാധിച്ച 12 പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്.
പ്രകൃതിയുടെ സ്വാഭാവികത ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കുമാണ്. കേരളത്തിലുണ്ടായ പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ ഇത്തരം പനങ്ങള്‍ സഹായിക്കും. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പോലും ഇത്തരം പഠനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ശില്‍പ്പശാലയില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇത്തരമൊരു പഠനം നടത്തിയതിന്റെ മുന്‍പരിചയം നമുക്ക് ഇല്ലാത്തത് വെല്ലുവിളിയാണെന്ന് ജൈവവൈവിധ്യ ബോര്‍ഡിന്റെ (കെ എസ് ബി ബി) ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി സി ബാലകൃഷ്ണന്‍ പറഞ്ഞു. ആറളം വന്യജീവി സങ്കേതം പോലെയുള്ള ചിലയിടങ്ങളില്‍ മാത്രമാണ് ചെറിയ പഠനങ്ങള്‍ നടന്നിട്ടുള്ളത്. ആവാസവ്യവസ്ഥയിലെ പല ജീവികളും പ്രകൃതിയിലെ മാറ്റത്തിന്റെ സൂചകങ്ങള്‍ കൂടിയാണ്. പഠനവിവരങ്ങള്‍ അപഗ്രഥിക്കാന്‍ സംസ്ഥാനതലത്തില്‍ 100 ശാസ്ത്രജ്ഞര്‍ അടങ്ങിയ വിദഗ്ധസമിതിയെയും ജില്ലാതലത്തില്‍ അഞ്ചംഗ വിദഗ്ധസമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒ ഡി കെ (ഓപ്പണ്‍ ഡാറ്റ കിറ്റ്) എന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയാണ് പ്രധാനമായും പഠനത്തിനായുള്ള വിവരശേഖരണം നടത്തുന്നത്. ഒക്ടോബര്‍ 17 നുള്ളില്‍ പഞ്ചായത്തുതല ശില്‍പ്പശാല നടത്തണമെന്നും 27 നുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നും ശില്‍പ്പശാലയില്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ അയ്യന്‍കുന്ന്, ആറളം, ആലക്കോട് ചെറുപുഴ, ചെങ്ങളായി, പായം, പടിയൂര്‍-കല്യാട്, കൊട്ടിയൂര്‍, കേളകം, നടുവില്‍, ഉളിക്കല്‍, പയ്യാവൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പഠനം നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് പ്രതിനിധികള്‍, വിവധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments