Skip to main content

ആരോഗ്യ ഭവനം നൂതന പദ്ധതിയുമായി തില്ലങ്കേരി പഞ്ചായത്ത് 

    ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആരോഗ്യ ഭവനം പദ്ധതിയുമായി തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 16 ന് വൈകുന്നേരം മൂന്നു മണിക്ക് പി കെ ശ്രീമതി ടീച്ചര്‍ എം പി നിര്‍വഹിക്കും. മണ്ണിനെയും മരങ്ങളെയും സംരക്ഷിച്ചുകൊണ്ട് പകര്‍ച്ച വ്യാധികളില്‍ നിന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
    ഇതിനായി ഓരോ വീടുകളിലും നടപ്പിലാക്കേണ്ട ഏഴിന മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് ഗ്രാമപഞ്ചായത്ത് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇവ കൃത്യമായി നടപ്പാക്കുന്ന വീടുകളെ ആരോഗ്യ ഭവനമായി പ്രഖ്യാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് പറഞ്ഞു. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് നിര്‍മ്മിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് വൃത്തിയാക്കി ഹരിതകര്‍മ്മസേനയെ ഏല്‍പ്പിക്കുക എന്നീ രണ്ടു നിര്‍ദ്ദേശങ്ങളാണ് മാലിന്യസംസ്‌കരണത്തിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
    ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഫലവൃക്ഷത്തൈ നട്ടുവളര്‍ത്തുക, ഇലക്കറി കൃഷി നടത്തുക, ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുക, കിണര്‍ റീച്ചാര്‍ജിങ് ഉള്‍പ്പെടെയുള്ളവയിലൂടെ ജല സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍. കൃഷി ചെയ്യുന്നതിന് വിവിധയിനം വിത്തുകളും ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, ഇലക്കറി എന്നിവയുടെ തൈകളും ആവശ്യമായ വളവും പഞ്ചായത്ത് വിതരണം ചെയ്യും. 
    50 മുതല്‍ 100 ശതമാനം വരെ സബ്‌സിഡിയോടെയാണ് തൈകളും വിത്തുകളും വിതരണം ചെയ്യുക. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുത്ത 100 വീടുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. തുടര്‍ന്ന് മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കും. നൂതന പദ്ധതി എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. 
    മായം കലരാത്ത പോഷകാഹാരങ്ങള്‍ സ്വന്തം വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുകയും വീടുകളിലെ മാലിന്യം കൃത്യമായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.  പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കും. 

date