Skip to main content
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി 'കേരഗ്രാമം' പദ്ധതി കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാലയിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി  

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി 'കേരഗ്രാമം' പദ്ധതിക്ക് തുടക്കമായി. കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാലയിൽ എം വിജിൻ എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 25 ലക്ഷം രൂപയുടെ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. ശാസ്ത്രീയമായി നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ മുറിച്ചു മാറ്റി പുതിയവ നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കൽ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനം എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. മൂന്നുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനമാണ് നടത്തുക.
പഞ്ചായത്തിൽ കേരസമിതി രൂപീകരിച്ച് സമിതിയുടെ മേൽനോട്ടത്തിൽ കർമ്മപദ്ധതി തയ്യാറാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുക. തടം ഒരുക്കാനും അനുബന്ധ പ്രവൃത്തിക്കും ഒരു തെങ്ങിന് 35 രൂപ വീതം 17,500 തെങ്ങുകളുടെ പരിപാലനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. തെങ്ങിൻ തോപ്പിൽ ഇടവിള കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക്  ഇടവിളക്കിറ്റ് വിതരണം ചെയ്യും. ജലസേചനത്തിനായി പമ്പ്സെറ്റ്, തെങ്ങു കയറ്റ യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. വാർഡ് തല കേരസമിതികൾ വഴിയാണ് പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചത്. പരമാവധി കൃഷിക്കാരെ ഉൾപ്പെടുത്തി സൊസൈറ്റി രൂപീകരിച്ചു പദ്ധതി ജനകീയമാക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന അധ്യക്ഷയായി. തെങ്ങിൻ തോപ്പുകൾ ആദായകരമാക്കാം എന്ന വിഷയത്തിൽ കാർഷിക കോളേജ് അസി. പ്രൊഫസർ പി.കെ സജീഷ് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുണ്ടയാട്ട് ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.പി റീന, കെ ജിഷാ ബേബി, കെ ശോഭ, പി കരുണാകരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ദീപു, വാർഡ് അംഗം ടി കല്യാണി, കൃഷി ഓഫീസർ അമിത സിസിൽ, പയ്യന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ രാഖി, കൃഷി അസിസ്റ്റന്റ് ടി. വി ബിന്ദു, പഞ്ചായത്ത് സെക്രട്ടറി എം. ഉല്ലാസൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എം രവീന്ദ്രൻ, കോറവയൽ പാടശേഖര സെക്രട്ടറി യു. ഭാസ്‌ക്കരൻ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date