നൈപുണ്യ കര്‍മ്മസേനയ്ക്ക് സര്‍ക്കാരിന്റെ അനുമോദനം
പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച വീടുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമോദനം. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്നും കാസര്‍കോട് ജില്ലയ്ക്കുളള ഉപഹാരം നൈപുണ്യ കര്‍മ്മസേന നോഡല്‍ ഓഫീസര്‍ പി.ജെ ഫിലോമിന ജെഫി ജെന്നിഫര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ സനീഷ് ബാലക്കണ്ടി, ഇന്‍സ്ട്രക്ടര്‍മാരായ മനോജ്കുമാര്‍ കെ, സജീഷ്. കെ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രളയ ബാധിത മേഖലകളിലെ വീടുകളിലെ ഇലക്ട്രിക്കല്‍ വയറിങ്ങ്, പ്ലംബിങ്ങ്, കാര്‍പ്പെന്ററി, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ റിപ്പയറിങ്ങ് ജോലികളാണ് വ്യവസായിക പരിശീലന വകുപ്പ് ഹരിത കേരള മിഷനുമായി ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യ കര്‍മ്മസേന നിര്‍വഹിച്ചത്. ജില്ലയിലെ കാസര്‍കോട്, കയ്യൂര്‍, മടിക്കൈ എന്നീ ഐ.ടി.ഐ.കളില്‍ നിന്നുള്ള ഇന്‍സ്ട്രക്ടര്‍മാരും ട്രെയിനികളും വിദഗ്ധ തൊഴിലാളികളും അടങ്ങിയ 97 പേരാണ് ആഗസ്റ്റ് 28 മുതല്‍ 31 വരെ തൃശ്ശൂര്‍ ജില്ലയിലെ മാള, മേലൂര്‍, അന്നമനട, പൊയ്യം, കുഴൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ 500ല്‍ പരം വീടുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.
- Log in to post comments