Skip to main content

നെല്ല് സംസ്‌കരണത്തിന് ആറ്റിങ്ങലില്‍ സൗകര്യമൊരുങ്ങുന്നു

 

ആറ്റിങ്ങലില്‍ നെല്ല് സംസ്‌കരണത്തിന് ആവശ്യമായ സൗകര്യമൊരുക്കാന്‍ തീരുമാനം. കരവാരത്തുള്ള നെല്ല് സംസ്‌കരണ കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാനും ജൈവകാര്‍ഷിക മണ്ഡലം നിര്‍വഹണ സമിതി യോഗം തീരുമാനിച്ചു. തരിശു നിലങ്ങള്‍ ഏറ്റെടുത്തു നെല്‍ക്കൃഷി വ്യാപകമാക്കിയതിനു പിന്നാലെയാണു മണ്ഡലത്തില്‍ നെല്ല് സംസ്‌കരണത്തിന് വിപുലമായ സൗകര്യമേര്‍പ്പെടുത്തുന്നത്.

മണ്ഡലത്തിലെ കാര്‍ഷിക പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു ബി. സത്യന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം, നെല്ല് സംസ്‌കരണത്തില്‍ നിലവിലുള്ള പോരായ്മകളെക്കുറിച്ചു ചര്‍ച്ച ചെയ്തു. മണ്ഡലത്തിലെ വിവിധ മേഖലകളിലെ കാര്‍ഷിക പുരോഗതി ലക്ഷ്യംവച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കു രൂപം നല്‍കണമെന്ന് എം.എല്‍.എ. പറഞ്ഞു. നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുറവുകളും പരിഹരിക്കത്തക്ക വിധത്തിലാകണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെല്‍കൃഷിക്കൊപ്പം പച്ചക്കറി കൃഷിയും മണ്ഡലത്തില്‍ വ്യാപിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും തീരുമാനിച്ചു.

മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2475/2018)

 

 

date