അദാലത്ത് അനുഗ്രഹമായി; മുണ്ടാർ പുതുപ്പള്ളി വടക്കേ ബ്‌ളോക്കിൽ പുറം ബണ്ട് നിർമിക്കാൻ 12 ലക്ഷം അനുവദിച്ചു
മുണ്ടാർ പുതുപ്പള്ളി വടക്കേ ബ്‌ളോക്ക് പാടശേഖരത്തിന് പുറം ബണ്ട് കെട്ടാൻ 12 ലക്ഷം രൂപ അനുവദിച്ചു വൈക്കം താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്ത്. മുണ്ടാർ പുതുപ്പള്ളി നോർത്ത് ബ്ലോക്ക് കല്ലറ പാടശേഖരം സമിതി സെക്രട്ടറി സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രിമാരായ വി.എൻ വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത വൈക്കം താലൂക്ക് അദാലത്ത് 25 കുടുംബങ്ങൾക്കും കൃഷിക്കാർക്കും ഏറെ ഗുണകരമാകുന്ന തീരുമാനം എടുത്തത്.
2020 21 ലെ വെള്ളപ്പൊക്കത്തിൽ മടവീഴ്ചയുണ്ടായി വലിയതോതിൽ കൃഷി നാശം സംഭവിച്ചിരുന്നു. പുറം ബണ്ടിന്റെ ഉയരം കൂട്ടി പ്രദേശവാസികളായ 25 കുടുംബങ്ങളുടെ വീടുകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കണമെന്നും പാടശേഖരം കൃഷിക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആക്കണമെന്നുമായിരുന്നു പാടശേഖര സമിതിയുടെ ആവശ്യം. പരാതി വിശദമായി പരിഗണിച്ച അദാലത്ത് പുറം ബണ്ട് നിർമാണത്തിന് 12 ലക്ഷം രൂപ അനുവദിക്കുകയും തുടർ നടപടികൾ സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിനെ മന്ത്രി റോഷി അഗസ്റ്റിൻ ചുമതലപ്പെടുത്തുകയുമായിരുന്നു.
- Log in to post comments