Skip to main content

തിരുവനന്തപുരം ആര്‍.ഡി. ഓഫിസ് ഇനി ഇ-ഓഫിസ്

 

** അപേക്ഷാ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇനി ഓഫിസില്‍ പോകേണ്ട
** സ്റ്റാറ്റസ് ഒറ്റ ക്ലിക്കില്‍ മൊബൈലില്‍ അറിയാം

തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫിസ് ഇനി ഇ-ഓഫിസ്. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള ഇ-ഓഫിസ് സംവിധാനം ആര്‍.ഡി.ഒ. ഓഫിസില്‍ നിലവില്‍വന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായാണ് ഇ-ഓഫിസ് നടപ്പാക്കുന്നത്.

ആര്‍.ഡി.ഒ. ഓഫിസില്‍ നല്‍കുന്ന എല്ലാ അപേക്ഷകള്‍ക്കും ഇനി മുതല്‍ ഒരു റഫറന്‍സ് നമ്പര്‍ നല്‍കും. ഇത് ഇ-ഓഫിസിനായി ഒരുക്കിയിട്ടുള്ള ംംം.ലീളളശരല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നല്‍കിയാല്‍ അപേക്ഷയുടെ തത്സമയ സ്ഥിതി അറിയാനാകും. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിനായി പ്രത്യേക ലിങ്ക് ഈ വെബ്‌സൈറ്റില്‍ ഉണ്ട്. സുതാര്യമായ ഇലക്ട്രോണിക് സംവിധാനമായതിനാല്‍ ഏത് ഉദ്യോഗസ്ഥന്റെ പക്കലാണ് അപേക്ഷാ ഫയല്‍ ഇരിക്കുന്നതെന്നും എത്ര നാള്‍ ഇരുന്നുവെന്നുമൊക്കെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. റഫറന്‍സ് നമ്പര്‍ ഇല്ലെങ്കില്‍പ്പോലും അപേക്ഷ നല്‍കിയ ആളിന്റെ പേരോ തീയതിയോ വിഷയം സംബന്ധിച്ച സൂചനയോ നല്‍കിയാല്‍പ്പോലും ഫയല്‍ നമ്പര്‍ കണ്ടെത്താന്‍ കഴിയുമെന്നതും ഇ-ഓഫിസിന്റെ പ്രത്യേകതയാണ്.

ഇ-ഓഫിസ് സംവിധാനം നിലവില്‍വരുന്നതോടെ ഫയല്‍ കൈമാറ്റം കടലാസ് രഹിതമാകുമെന്നതാണ് ഓഫിസ് നടപടിക്രമങ്ങളിലുണ്ടാകുന്ന വലിയ സൗകര്യം. ഫയല്‍ തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാകുന്നതിനൊപ്പം മേലുദ്യോഗസ്ഥര്‍ക്ക് ഫയല്‍ എളുപ്പത്തില്‍ വിളിച്ചുവരുത്താനും കഴിയും.

തപാല്‍ സെക്ഷനില്‍ ലഭിക്കുന്ന അപേക്ഷ ഇ-ഫയല്‍ രൂപത്തിലാക്കി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും സബ് കളക്ടറുടെ ഡിജിറ്റല്‍ സിഗ്നേച്ചറോടെ തപാല്‍ മുഖാന്തരം എത്രയും വേഗം അപേക്ഷകന് നല്‍കുകയുമാണ് തിരുവനന്തപുരം ആര്‍.ഡി.ഒ. ഓഫിസില്‍ ഇനി ചെയ്യുന്ന രീതി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ഇ-ഓഫിസിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ നല്‍കുന്നത്.

സബ് കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഇ-ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഭൂമി പോക്കുവരവ് അപ്പീല്‍ ഫയലില്‍ ഇ-ഓഫിസ് മുഖേന നടപടി സ്വീകരിച്ചാണ് കളക്ടര്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. അപേക്ഷകയായ തിരുവനന്തപുരം താലൂക്കിലെ പാങ്ങപ്പാറ വില്ലേജില്‍ ഷെരിഫ ബിവിക്ക് പട്ടയത്തിന്റെ പകര്‍പ്പ് കളക്ടര്‍ കൈമാറി. സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, സീനിയര്‍ സൂപ്രണ്ട് വി.എസ്. ബിനു, ജൂനിയര്‍ സൂപ്രണ്ടുമാരായ ആര്‍. ഗോപകുമാര്‍, ദീപ ആര്‍. നായര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ താരാഭായി തങ്കച്ചി, ആര്‍.ഡി.ഒ. ഓഫിസില്‍ ഇ-ഓഫിസ് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന എ. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2484/2018)

 

date