കരിന്തളത്ത് 100 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പെടെയുള്ള യോഗ, നാച്ച്യുറോപ്പതി ഇന്‍സ്റ്റിട്ട്യൂട്ട്; ധാരണാപത്രം ഒപ്പുവച്ചു
കരിന്തളത്ത് 100 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പെടെയുള്ള യോഗ ആന്റ് നാച്ച്യുറോപ്പതി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്നതിന് മുന്നോടിയായി സ്ഥലം പാട്ടത്തിന് കൈമാറുന്നിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവും സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതി ഡയറക്ടര്‍ ഡോ.ഈശ്വര എന്‍ ആചാര്യയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളത്ത് ഇന്‍സ്റ്റിട്ട്യൂട്ട് യഥാര്‍ഥ്യമാകുന്നത്.
കേന്ദ്ര ആയൂഷ് വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതിയാണ് ഇന്‍സ്റ്റിട്ട്യൂട്ട് കരിന്തളത്ത് ആരംഭിക്കുന്നത്. ആശുപത്രിക്കും ഇന്‍സ്റ്റിട്ട്യൂട്ടിനുമായി 30 വര്‍ഷത്തേക്ക് 15 ഏക്കര്‍ സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കുന്നത്. കേന്ദ്ര ആയൂഷ്‌വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനത്തിന് നേരിട്ട് ഭൂമി കൈമാറുവാന്‍ വ്യവസ്ഥയില്ലാത്തതിനാലാണ് പാട്ടവ്യവസ്ഥയില്‍ അനുവദിക്കുന്നത്.
ഡെപ്യുട്ടി കളക്ടര്‍ കെ.രവികുമാര്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, മുന്‍ എംഎല്‍എ കുമാരന്‍.എം, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, ഡോ.ഷിംജി, കരിന്തളം വില്ലേജ് ഓഫീസര്‍ ടി.സുരേഷ്, അഡ്വ.കെ.കെ നാരായണന്‍, ഒ.എം ബാലകൃഷ്ണന്‍, സി.പി ബാബു, എന്‍.പുഷ്പരാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments