കണ്ടൽക്കാടുകളും തണ്ണീർത്തടവും നികത്തൽ; മണ്ണ് നീക്കാൻ ആർഡിഒ നടപടിയെടുക്കാൻ മന്ത്രിയുടെ ഉത്തരവ്
തളിപ്പറമ്പ കുറ്റിക്കോലിൽ കണ്ടൽക്കാടുകളും തണ്ണീർത്തടവും നികത്തിയെന്ന പരാതിയിൽ, അനധികൃതമായാണ് മണ്ണിട്ട് നികത്തിയതെങ്കിൽ മണ്ണ് നീക്കാനുള്ള നടപടി തളിപ്പറമ്പ് ആർഡിഒ സ്വീകരിച്ച് ചെലവ് വസ്തു ഉടമയിൽനിന്ന് വസൂലാക്കാൻ കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്തരവിട്ടു. സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് മണ്ണിട്ട് നികത്തിയതെങ്കിൽ നീരൊഴുക്ക് തടസ്സപ്പെടാത്ത രീതിയിൽ മണ്ണ് നീക്കി ചെലവ് വസ്തു ഉടമയിൽനിന്ന് ഈടാക്കണം. കണ്ടൽക്കാട് ഉൾപ്പെടുന്ന വസ്തു ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഉൾപ്പെടുത്താനുള്ള നടപടി കൃഷി ഓഫീസർ സ്വീകരിക്കണം. നേരത്തെ നടത്തിയ അദാലത്തിന്റെ സമയത്ത് മണ്ണിട്ട് നികത്തിയിട്ടില്ലെന്ന് അറിയുന്നു. പിന്നീടാണ് മണ്ണിട്ടതെങ്കിൽ അതിന്റെ ഉത്തരവ് പുനഃപരിശോധിച്ച് നിയമപരമായിട്ടാണോ അനുവദിച്ചത് എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാനും ഉത്തരവിൽ വ്യക്തമാക്കി.
തളിപ്പറമ്പ കുറ്റിക്കോലിൽ പുഷ്പാംഗദന്റെ പേരിലും അടുത്ത കാലത്ത് അദ്ദേഹം കൈമാറിയ നിലം എന്ന തരത്തിൽ ഉൾപ്പെട്ട 1.38 ഏക്കർ വരുന്ന കണ്ടൽക്കാടുകളിലും തണ്ണീർത്തടത്തിലും മണ്ണിട്ടുയർത്തിയത് സംബന്ധിച്ച് കെഎസ്‌കെടിയു തളിപ്പറമ്പ സൗത്ത് വില്ലേജ് സെക്രട്ടറി സി.വി. ഗിരീശൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കുറ്റിക്കോൽ പുഴയുടെ കരയിൽ സർവേ നമ്പർ 38/207ൽ ഈ അടുത്ത കാലത്ത് പുഷ്പാംഗദൻ കൈമാറിയ വസ്തുവിൽ
വ്യാപകമായി കെട്ടിട അവശിഷ്ടങ്ങളും പാറക്കല്ലുകളും കൊണ്ട് രണ്ട് മീറ്ററോളം ഉയരത്തിൽ ഉയർത്തിയതായി പരാതിയിൽ പറഞ്ഞു. ഈ പ്രദേശം മണ്ണിട്ടുയർത്തിയാൽ മറുഭാഗത്തുള്ള മഴവെളളം ഒഴിഞ്ഞു പോകാൻ കഴിയില്ല. അതു മൂലം ഗുരുതരമായ രീതിയിൽ വെള്ളം കെട്ടിക്കിടന്ന് പരിസ്ഥിതി പ്രശ്‌നങ്ങളും കൃഷി ചെയ്യാൻ പറ്റാത്ത സാഹചചര്യവും ഉണ്ടാവുമെന്നും പരാതിയിൽ പറഞ്ഞു.
- Log in to post comments