എം കുഞ്ഞിരാമന് കുടിവെള്ളം ലഭ്യമാകും
കുറ്റിയാട്ടൂർ സ്വദേശി എം.കുഞ്ഞിരാമന് ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമാകും. ഇതിനായുള്ള പൈപ്പ് ലൈൻ ഒരാഴ്ചയ്ക്കകം സ്ഥാപിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. പരാതിക്കാരന്റെ വീട്ടിലേക്കു പോകുന്ന കോൺക്രീറ്റ് റോഡ് മുറിച്ചു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുളള അനുമതി കേരള റോഡ് ഫണ്ട് ബോർഡിൽ നിന്നും ലഭ്യമാവാത്തതാണ് കാലതാമസത്തിന് കാരണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിശദീകരിച്ചു. എന്നാൽ എത്രയും പെട്ടെന്ന് അനുമതി ലഭ്യമാക്കി പരാതിക്കാരന് കുടിവെള്ളം ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു.
ട്രാൻസ്ഫോർമർ കെഎസ്ഇബി മാറ്റി സ്ഥാപിക്കാൻ ഉത്തരവ്
സ്ഥലം ഉടമയുടെ അനുമതിയില്ലാതെ സ്ഥാപിച്ച ട്രാൻസ്ഫോർമർ കെഎസ്ഇബി മാറ്റിസ്ഥാപിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കെ.എസ്. ഇ.ബിക്ക് നിർദേശം നൽകി. ഇതിനായി അനുയോജ്യമായ സ്ഥലം കെ.എസ്.ഇ.ബി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചെലവ് കെ.എസ്.ഇ.ബി തന്നെ വഹിക്കണമെന്നും നിർദേശിച്ചു.
ആന്തൂർ സ്വദേശിയായ ഗീതയുടെ പരാതിയിലാണ് നടപടി. ആകെയുള്ള അഞ്ച് സെന്റ് ഭൂമി ട്രാൻസ്ഫോർമർ കാരണം താമസയോഗ്യമല്ലാതയെന്ന് ഗീത പരാതിപ്പെട്ടു. സ്ഥലം ഉടമയുടെ സമ്മതം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് വാങ്ങിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം, 2021ൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിധ്യത്തിൽ സ്ഥലം അളന്നപ്പോൾ ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്നത് പൂർണമായും പരാതിക്കാരിയുടെ സ്ഥലത്താണെന്ന് ബോധ്യപ്പെട്ടുവെന്ന് പരാതിയിലുണ്ട്. നേരത്തെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുവാൻ രണ്ട് ലക്ഷത്തോളം രൂപ സ്ഥലം ഉടമ വഹിക്കണമെന്നു കഴിഞ്ഞ ഒക്ടോബറിൽ കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഇതിനെതിരെ ഗീത നൽകിയ പരാതിയിലാണ് നടപടി.
- Log in to post comments