Skip to main content

ആരോഗ്യ പരിചരണത്തിൽ പുതിയ നാഴികക്കല്ല്: സ്‌പെക്റ്റ് സിടി സ്‌കാനർ

*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 7.3 കോടിയുടെ സ്‌പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്‌പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡിസംബർ 16 മുതൽ ട്രയൽ റണ്ണിന് ശേഷം പ്രവർത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാൻസർ രോഗ നിർണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്ഹൃദയംതലച്ചോറ്കരൾവൃക്കകൾശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗ നിർണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് നൽകാൻ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ വൻകിട ആശുപത്രികളിലുള്ള ഈ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർസിസിയിലും എംസിസിയിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ന്യൂക്ലിയർ മെഡിസിനിൽ പിജി കോഴ്സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌പെക്റ്റ് (സിംഗിൽ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ടഡ് ട്രോമോഗ്രഫി), സിടി (കമ്പ്യൂട്ടഡ് ട്രോമോഗ്രഫിഎന്നീ രണ്ട് ഇമേജിംഗ് രീതികൾ സംയോജിപ്പിച്ചുള്ളതാണ് സ്‌പെക്റ്റ് സിടി സ്‌കാനർ. അൾട്രാസൗണ്ട് സ്‌കാൻഎക്‌സ് റേസിടി സ്‌കാൻഎംആർഐ സ്‌കാൻ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ന്യൂക്ലിയർ മെഡിസിൻ സ്‌കാനുകൾ അവയവങ്ങളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. സ്‌പെക്റ്റ് സിടിപെറ്റ് സിടി എന്നീ ഉപകരണങ്ങൾ ശരീര ഘടനയും പ്രവർത്തനവും ഒരേ സമയം പഠിക്കുന്നതിന് സഹായിക്കുന്നു.

റേഡിയോ ആക്ടീവ് ട്രേസർ ഉപയോഗിച്ചാണ് സ്‌പെക്റ്റ് സിടി പ്രവർത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ ഉപയോഗിക്കുന്നതിനാൽ വികിരണം മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തരാറുകൾക്കുള്ള സാധ്യത വളരെ കുറവാണ്. രോഗാധിക്യമുള്ള കോശങ്ങളിലേക്ക് ട്രേസർ ആഗിരണം ചെയ്യപ്പെടുകയും ഗാമ രശ്മികളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്‌പെക്റ്റ് സ്‌കാനർ ഈ രശ്മികളെ ഡിറ്റക്റ്റ് ചെയ്യുകയും ത്രീഡി ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം സിടിയിലൂടെ എക്‌സ്‌റേ ഉപയോഗിച്ച് ശരീര കലകളുടെ ഘടന സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. രോഗാധിക്യമുള്ള അവയവങ്ങളെ കൃത്യമായി കണ്ടെത്താനും പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും കഴിയുന്നു.

കേരളത്തിൽ കോഴിക്കോട്തിരുവനന്തപുരം മെഡിക്കൽ കോളേജുകൾതലശ്ശേരി മലബാർ കാൻസർ സെന്റർതിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങളിലാണ് സർക്കാർ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്. രസതന്ത്രംഭൗതികശാസ്ത്രംഗണിതശാസ്ത്രംകമ്പ്യൂട്ടർ സാങ്കേതികവിദ്യഇമേജിംഗ്വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളുടെ ഒരു സംയോജനമാണ് ന്യൂക്ലിയർ മെഡിസിൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ ഒപിതൈറോയ്ഡ് ക്ലിനിക് എന്നീ ഒപി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. കാൻസറിനുംകാൻസർ ഇതര രോഗങ്ങൾക്കും ന്യൂക്ലിയർ മെഡിസിൻ ചികിത്സ ഫലപ്രദമാണ്. ചുറ്റുമുള്ള ശരീര കലകൾക്ക് ദോഷം ഉണ്ടാകാതെ കാൻസർ ബാധിച്ച കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാൻ ന്യൂക്ലിയർ മെഡിസിൻ ചികിത്സയ്ക്ക് കഴിയും.

7.3 കോടി രൂപ ചെലവഴിച്ചുള്ള സ്‌പെക്റ്റ് സിടി സ്‌കാനറിന് പുറമേ 15 കോടി ചെലവഴിച്ച് പെറ്റ് സിടി (PET-CT) സ്‌കാനർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും 4 കോടി ചെലഴിച്ചുള്ള ന്യൂക്ലിയർ മെഡിസിൻ ഹൈഡോസ് തെറാപ്പി വാർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ സ്‌പെക്റ്റ് സിടി സ്‌കാനർ സൗകര്യം ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്.

പി.എൻ.എക്സ്. 5650/2024

date