ആലുംമൂട് ഗവ.എൽ.പി സ്കൂളിന് പുതിയ മന്ദിരം
**മന്ത്രി ജി.ആർ അനിൽ ശിലാസ്ഥാപനം നിർവഹിച്ചു
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ ആലുംമൂടം ഗവൺമെന്റ് എൽ.പി സ്കൂളിന് പുതിയ മന്ദിരം നിർമിക്കുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. മന്ത്രിയുടെ വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
പൊതുവിദ്യാഭ്യാസമേഖലയ്ക്ക് കേരള സർക്കാർ പ്രത്യേക ശ്രദ്ധയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രൈമറി വിദ്യാഭ്യാസമേഖലയിൽ കുട്ടികളെ ആകർഷിക്കുന്നതിനായി വർണകൂടാരം ഉൾപ്പെടെയുള്ള നവീന ആശയങ്ങളാണ് നടപ്പാക്കുന്നതെന്നും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും മന്ത്രി വ്യക്തമാക്കി.
1080 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായിട്ടാണ് കെട്ടിടം നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ രണ്ട് ക്ലാസ് മുറികളും മുകളിലത്തെ നിലയിൽ ഒരു ക്ലാസ് മുറിയും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ മൂന്ന് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അധ്യക്ഷനായിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സോമൻ, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി, ഹെഡ്മിസ്ട്രസ് ഷീബ.എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments