ജോർജിന്റെ ആഗ്രഹം സഫലം; ഭിന്നശേഷിക്കാർക്കുള്ള വാഹനം ലഭിക്കും
ഒരു കാലിന് ജന്മനാ സ്വാധീനക്കുറവുള്ളയാളാണ് നെടുംതൊട്ടിയിൽ എൻ.ഡി. ജോർജ്. മുപ്പതുവർഷം മുമ്പ് ഒരു വാഹനപകടത്തിൽ ആ കാലിന്റെ സ്വാധീനശേഷി തീർത്തും നഷ്ടമായി. കുറവിലങ്ങാട് കളത്തൂർ നസ്രത്ത്ഹിൽ സ്വദേശിയായ ജോർജ് ഭിന്നശേഷിക്കാർക്കുള്ള വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ എത്തിയത്. സദസിലിരുന്ന ജോർജിന്റെ അരികിലെത്തി മന്ത്രി വി.എൻ. വാസവൻ പരാതി കേട്ടു, വിവരങ്ങളാരാഞ്ഞു. പ്രത്യേക പരിഗണന നൽകി ഭിന്നശേഷിക്കാർക്കുള്ള വാഹനം അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന് നിർദ്ദേശം നൽകി. അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് ഉത്തരവ് നൽകി. ക്ഷേമ പെൻഷനും മകന്റെ ഭാര്യയുടെ തയ്യൽ ജോലിയുമാണ് കുടുബത്തിന്റെ വരുമാന മാർഗം. വാഹനം ലഭിച്ചാൽ ലോട്ടറി വിറ്റെങ്കിലും ജീവിക്കാമെന്ന പ്രതീക്ഷയിൽ മന്ത്രിക്ക് നന്ദി പറഞ്ഞാണ് ജോർജ് മടങ്ങിയത്.
- Log in to post comments