ഉരുൾ തകർത്ത വീടിന് പകരം വീടെന്ന ഉറപ്പ്; ശോഭനയ്ക്കും കുടുംബത്തിനും ആശ്വാസമായി അദാലത്ത്
ഈ വർഷം മേയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് വാസയോഗ്യമല്ലാതായ മേലുകാവ് ചൊക്കല്ല് പടപ്പനാട് വീട്ടിൽ തങ്കമ്മ കുട്ടപ്പനും കുടുംബത്തിനും കരുതലും കൈത്താങ്ങുമായി മീനച്ചിൽ താലൂക്ക് തല അദാലത്ത്. പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടു വാടക വീട്ടിലേക്കു മാറേണ്ടി വന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സംസ്ഥാന ദുരന്ത നിവാരണ നിധിയിലും ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകുമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദാലത്തിലെത്തിയ തങ്കമ്മയുടെ മരുമകൾ ശോഭന ബിജുവിന് ഉറപ്പു നൽകി. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകയാണ് ബിന്ദു. കൂലിപ്പണിക്കാരനായ ഭർത്താവിനും ഭർതൃമാതാവിനും രണ്ടു മക്കൾക്കുമൊപ്പം മേലുകാവ് പഞ്ചായത്തിലെ കൈലാസം ഭാഗത്തായിരുന്നു ഇവർ അഞ്ചു സെന്റ് സ്ഥലത്ത് വീട്ടിൽ താമസിച്ചിരുന്നത്.
2024 മേയ് 28 നുണ്ടായ കനത്ത മഴയിൽ ഇവരുടെ വീടിന് പിൻവശത്തുണ്ടായിരുന്ന ചൊക്കല്ല് മലയുടെ ഭാഗം ഒലിച്ചു വന്ന് വീടു തകർന്നു. പറമ്പിൽ ചെളിയടിഞ്ഞുകൂടുകയും ചെയ്തു. നിർധനരായ കുടുംബം ഇതേത്തുടർന്ന് വാടകവീട്ടിലേക്കു മാറി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സ്ഥലത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ഭരണങ്ങാനം വില്ലേജ് ഓഫീസറും സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്. റിപ്പോർട്ട് അടക്കം വിശദമായി പരിശോധിച്ച മന്ത്രി വി.എൻ. വാസവൻ നൽകിയ പുതിയ വീടെന്ന ഉറപ്പിൽ ആനന്ദാശ്രുക്കളോടെയാണ് അദാലത്തിൽനിന്ന് ശോഭന മടങ്ങിയത്.
- Log in to post comments