Skip to main content

പനവൂര്‍ പഞ്ചായത്തില്‍ ഗെയിം ഫെസ്റ്റിവല്‍

 

പനവൂര്‍ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന തദ്ദേശ സ്വയംഭരണതല കായിക വികസന പദ്ധതി പ്രകാരം ഗെയിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 18 മുതല്‍ 21 വരെ ആട്ടുകാല്‍ ഗവണ്‍മെന്റ് യു.പി.എസ് ഗ്രൗണ്ട്, ആറ്റിന്‍പുറം ഗവണ്‍മെന്റ് യു.പി.എസ് ഗ്രൗണ്ട്, പാണയം കിളിത്തട്ട് എന്നിവിടങ്ങളിലായാണു ഫെസ്റ്റിവല്‍.

ക്രിക്കറ്റ്, വോളിബോള്‍, ഫുട്ബോള്‍, കബഡി എന്നീ കായിക ഇനങ്ങളില്‍ പഞ്ചായത്ത് തല ടീം രൂപീകരിക്കുന്നതിനായാണു ഗെയിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് പനവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോര്‍ അറിയിച്ചു.

18നു രാവിലെ ഒന്‍പതിന് ആട്ടുകാല്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ പഞ്ചായത്ത് പ്രസിഡന്റ് ഗെയിംസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്രിക്കറ്റ് മത്സരം നടക്കും. ഒക്ടോബര്‍ 19 ഉച്ചക്ക് രണ്ടു മണി മുതല്‍ ആറ്റിന്‍പുറം ഗവണ്മെന്റ് യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ വോളീബോള്‍ മത്സരവും 20നു രാവിലെ എട്ടു മുതല്‍ ആട്ടുകാല്‍ ഗവണ്മെന്റ് യു.പി.എസ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ മത്സരവും 21ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ പാണയം കിളിത്തട്ടില്‍ കബഡി മത്സരവും നടക്കും.

ഗെയിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 21 വൈകുന്നേരം അഞ്ചിന് കിളിത്തട്ടില്‍ വെച്ച് നടക്കും. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും ലഭിക്കും. സമാപന സമ്മേളനം യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു ഉദ്ഘാടനം ചെയ്യും.
(പി.ആര്‍.പി. 2503/2018)

 

 

date