Skip to main content

മൂർക്കനിക്കര ഗവ. യുപി സ്കൂൾ: പ്രീ പ്രൈമറി വർണ്ണക്കൂടാരം തുറന്നു.   മൈതാനം ഡിസംബറിൽ നിർമാണം തുടങ്ങുമെന്നും മന്ത്രി കെ രാജൻ

മൂർക്കനിക്കരയുടെ വികസനത്തിൽ പുതിയ ചരിത്രം രേഖപ്പെടുത്തുന്ന ഗവ. യുപി സ്കൂൾ മൈതാനം ഡിസംബറിൽ നിർമാണം തുടങ്ങുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.  
മൂർക്കനിക്കര ഗവ. യുപി സ്കൂളിൽ നിർമിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മൈതാനത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചതായി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ രാജൻ പറഞ്ഞു. നവംബർ ആദ്യവാരത്തോടെ ടെണ്ടർ നടപടികൾ ആരംഭിക്കും. അടുത്ത അധ്യയന വർഷത്തോടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
എംഎൽഎ ഫണ്ടും സർക്കാർ ഫണ്ടും ഉപയോഗിച്ചാണ് കളിക്കളം നിർമ്മിക്കുന്നത്. ഇത്തരം ഫണ്ടുകൾക്ക് പുറമേ നാടിന്റെ  പിന്തുണ കൂടി ഉറപ്പാകുമ്പോഴാണ് വികസനങ്ങൾ യാഥാർത്ഥ്യമാകുന്നത്.  ഉദ്ഘാടനം ചെയ്യപ്പെട്ട വർണ്ണക്കൂടാരം പൂർത്തിയാക്കിയത് എംഎൽഎ ഫണ്ടും സർക്കാർ ഫണ്ടിനു പുറമേ പഞ്ചായത്തിൻ്റെയും പിടിഎയുടെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹായത്തോടെയാണ്. ഇത്തരം കൂട്ടായ്മകളുടെ ഫലമായാണ് പൊതു വിദ്യാഭ്യാസ യജ്ഞം തന്നെ സാധ്യമാകുന്നത് എന്നും മന്ത്രി സൂചിപ്പിച്ചു.
നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബിആർസി പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ കെ രമേഷ്, സ്കൂൾ പ്രധാനധ്യാപിക കെ എസ് വാഹിദ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു. പിടിഎ പ്രസിഡൻ്റ് എം ആർ രാജേഷ് നന്ദി പറഞ്ഞു.

date