കണ്ടല്‍ വനവത്ക്കരണത്തിന് തുടക്കമായി
‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' എന്ന സന്ദേശമുയര്‍ത്തി കൊല്ലം കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കണ്ടല്‍ വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം ആശ്രാമം മൈതാനിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. അഷ്ടമുടി കായലിന്റെ സംരക്ഷണത്തിനും സൗന്ദര്യം നിലനിര്‍ത്തുന്നതിനും കണ്ടല്‍ വല്‍ക്കരണം അനിവാര്യമാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ ആയിരം കണ്ടല്‍ ചെടികളാണ് വച്ചുപിടിപ്പിക്കുന്നത്. കായലിന്റെ തീരത്തോട് ചേര്‍ന്ന് വിവിധ സ്ഥലങ്ങളിലാണ് കണ്ടല്‍ ചെടികള്‍ നടുന്നത്. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, വിവിധ കോളേജുകളിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍, പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍, മത്സ്യത്തൊഴിലാളികള്‍, കക്ക വാരല്‍ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments