Skip to main content

ജില്ലാ പദ്ധതി രൂപീകരണം; റൈറ്റ് ഷോപ്പും വികസന സെമിനാറും നടത്തും

ജില്ലയുടെ സമഗ്രവികസനത്തിന് ദിശാബോധം നല്‍കുന്ന രേഖയായ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മോണിറ്ററിങ് സമിതി യോഗത്തില്‍ തീരുമാനിച്ചു. കരട് ജില്ലാ പദ്ധതി, തദ്ദേശഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചും അഭിപ്രായ രൂപീകരണം നടത്തി ആവശ്യമെങ്കില്‍ ജില്ലാ വികസന ലക്ഷ്യം പരിഷ്‌കരിക്കും. പരിഷ്‌കരിച്ച ജില്ലാ പദ്ധതി ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഉപസമിതി കണ്‍വീനര്‍മാര്‍, ഗവേഷണ വികസന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിദഗ്ധര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങി ജില്ലയിലെ വികസന മേഖലയില്‍ വക്താക്കളാകുന്ന എല്ലാവരെയും പങ്കെടുപ്പിച്ച് ജില്ലാ വികസന സെമിനാറില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉപസമിതികളുടെ സഹായത്തോടെ പദ്ധതി പുതുക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുകയാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി കരട് അധ്യായങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റൈറ്റ് ഷോപ്പ് ഫെബ്രുവരി മൂന്നുമുതല്‍ ആറുവരെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ സംഘടിപ്പിക്കും.

കൃഷി, ജലസേചനം, മണ്ണ് - ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ വികസനം-മത്സ്യത്തൊഴിലാളി വികസനം-മൂല്യവര്‍ദ്ധനവ്, വന വികസനം -വന്യജീവി പ്രശ്‌നം, വ്യവസായം, വാണിജ്യം, തൊഴിലും തൊഴിലവസരങ്ങളും, സ്വയം തൊഴില്‍ സംരംഭങ്ങള്‍, മൂലധന നിക്ഷേപം, അതിഥി തൊഴിലാളികള്‍, പ്രാദേശിക സാമ്പത്തിക വികസനം (സംരംഭകത്വ, നൈപുണ്യവികസനം), സഹകരണം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്‌കരണം, പാര്‍പ്പിടം, സാമൂഹ്യ ക്ഷേമം- സാമൂഹ്യ സുരക്ഷിതത്വം, വികസനം (വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍-ട്രാന്‍സ് ജെന്റര്‍ വിഭാഗം, അതിഥി തൊഴിലാളികള്‍), ലിംഗ സമത്വം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കായികം, കല-സംസ്‌ക്കാരം- യുവജനകാര്യം, വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ, ഊര്‍ജ്ജം, ഗതാഗതം (എല്ലാ ഗതാഗത മാര്‍ഗങ്ങളും)- മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍, വാര്‍ത്താവിനിമയം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, വനിതകള്‍, കുട്ടികള്‍ എന്നിവരുടെ വികസനം, അതിദാരിദ്ര്യം, ദുരന്ത നിവാരണം-കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനമാക്കിയിട്ടുള്ള വികസന പദ്ധതികള്‍, ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം- അതിജീവന ക്ഷമത, ജില്ലയിലെ പ്രകൃതി വിഭവങ്ങളുടെ വികസനവും കരുതലും- മണ്‍റോതുരുത്ത്, ആലപ്പാട് എന്നീ പ്രദേശങ്ങളുടെ വികസനം, ഭരണ നിര്‍വഹണവും ഇ-ഗവേണന്‍സും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സുസ്ഥിര നഗരവികസനം എന്നിവയാണ് വിവിധ മേഖലകള്‍. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എന്‍.എസ് പ്രസന്നകുമാര്‍, ബി. ജയന്തി, വസന്ത രമേശ്, ഡോ. ഷാജി, സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

date