Skip to main content

ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതി:  വാര്‍ഡ് തല ക്ലീന്‍ ഗ്രീന്‍ പ്രഖ്യാപനം  നവംബര്‍ ഒന്നിന്

 

    ഹരിത കേരളം- ശുചിത്വ മിഷന്‍ എന്നിവയുടെ ഏകോപനത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തല ക്ലീന്‍ ഗ്രീന്‍ പ്രഖ്യാപനം നവംബര്‍ ഒന്നിന് നടക്കും.. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അകത്തേത്തറ ഗ്രാമ പഞ്ചായത്തിലെ പുന്നംകുളം, റയില്‍വേ കോളനി, കക്കണ്ണി  എന്നീ മൂന്ന് വാര്‍ഡുകളും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പുലാപ്പറ്റ, ആലങ്കോട്, പാട്ടിമല വാര്‍ഡുകളെയുമാണ് ക്ലീന്‍ ഗ്രീന്‍ വാര്‍ഡുകളായി പ്രഖ്യാപിക്കുക. മലമ്പുഴ-പിരായിരി-പൊല്‍പ്പുള്ളി-തേങ്കുറിശ്ശി- എരുത്തേമ്പതി-കുമരംപുത്തൂര്‍-ഷോളയൂര്‍-എലപ്പുള്ളി-മുതുതല-തിരുമിറ്റക്കോട്-വിളയൂര്‍-അമ്പലപ്പാറ-അനങ്ങനടി-ശ്രീകൃഷ്ണപുരം-വാണിയംകുളം പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും ക്ലീന്‍ ഗ്രീന്‍ പ്രഖ്യാപനത്തിനുളള  പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. 
    ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം  ശേഖരിക്കുന്നത് സംബന്ധിച്ച്  പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ- ഹരിത കര്‍മ്മ സേനയുടെ  നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അയല്‍ക്കൂട്ടതലത്തില്‍ അജൈവ മാലിന്യ ശേഖരണവും നടത്തും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ക്ലീന്‍ ഗ്രീന്‍ ആക്കുകയാണ് ലക്ഷ്യം. ഇത്തരം ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍ എന്നി പ്രവര്‍ത്തികളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് പൊതുജനത്തിന് അവബോധം  സൃഷ്ടിക്കും. സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയും പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.  തദ്ദേശസ്വയം ഭരണ  സ്ഥാപന തലത്തില്‍ ഹരിത കര്‍മ്മ സേന, മാലിന്യ ശേഖരണ- സംസ്കരണ കേന്ദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മാലിന്യ സംസ്കരണ ശൃംഖല പൂര്‍ത്തീകരിച്ച് ജനുവരി 26 ന് ജില്ലയെ പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കുകയാണ് ജില്ലാ ആസൂത്രണ സമിതിയുടെ ലക്ഷ്യം. 

date