Skip to main content
തൃക്കരിപ്പൂര്‍ കാലിക്കടവില്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്ന ഗദ്ദിക 2018 ന്റെ സ്വാഗത സംഘം കണ്‍വന്‍ഷന്‍ പിലിക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ഗദ്ദിക 2018 പ്രദര്‍ശന വിപണനമേള  ഡിസംബറില്‍ തൃക്കരിപ്പൂര്‍ കാലിക്കടവില്‍

ഗോത്ര സംസ്‌കൃതിയുമായി നൂറോളം സ്റ്റാളുകളും  കാലാ സാംസ്‌കാരിക വേദികളുമൊരുക്കും 
     
      പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെയും കര്‍ടാഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക പ്രദര്‍ശന വിപണന മേളയായ ഗദ്ദിക ഡിസംബബര്‍ 22 മുതല്‍ 30വരെ തൃക്കരിപ്പൂര്‍ കാലിക്കടവ് മൈതാനിയില്‍ നടക്കും. പരിപാടി വന്‍  ജനകീയമാക്കാന്‍  പിലിക്കോട് ഹയര്‍  സെക്കന്ററി സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം കണ്‍വന്‍ഷന്‍ തീരുമാനിച്ചു.  പട്ടികജാതി ഗോത്രജനവിഭാഗങ്ങളുടെ ജൈവികവും വംശീവുമായവുമായ കലാ സംസ്‌കൃതികളെയും കരകൗശല വൈവിധ്യങ്ങളെയും തനത് അറിവുകളുടെയും പ്രദര്‍ശനവും വിപണവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഗദ്ദികയ്ക്ക് ആദ്യമായാണ് കാസര്‍കോട് ജില്ല ആതിഥ്യമരുളുന്നത്.
      ഒരു ജനത നൂറ്റാണ്ടുകളായി കൈവശംവച്ച അറിവുകളെ പൊതു സമൂഹത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുക വഴിമുഖ്യധാരാ സമൂഹത്തില്‍ പാര്‍ശ്വവല്‍കൃത ജനതയുടെ സ്വത്വം അടയാളപ്പെടുത്തുക കൂടിയാണ് മേളയുടെ ലക്ഷ്യം.  ഒന്‍പത് ദിവസങ്ങളിലായി നൂറോളം സ്റ്റാളുകളും നൂറു കണക്കിനു കലാകാരന്മാരും അണിനിരക്കുന്ന അതി വിപുലമായ മേളയ്ക്കാണ് കാലിക്കടവില്‍ അരങ്ങൊരുങ്ങുന്നത്. സപ്ത ഭാഷകളുടെ വൈവിധ്യം കൂടി ഈ വര്‍ഷത്തെ ഗദ്ദികയെ വ്യത്യസ്തമാക്കും. ആയിരത്തോളം അണിയറ പ്രവര്‍ത്തകരുണ്ടാകും.  വയനാട്ടിലെ ഗോത്ര ചിക്തിസാ രീതികളും ആവിക്കുളിയും ഭക്ഷ്യ വൈവിധ്യങ്ങളും ജില്ലയ്ക്ക് പുതുമയായിരിക്കും.   
       സ്വാഗത സംഘം കണ്‍വന്‍ഷന്‍ എം.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷത വഹിച്ചു. വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.പത്മരാജന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം. നാരായണന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനറാണി എസ് സ്വാഗത സംഘം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ മൈക്കിള്‍ സ്വാഗതവും ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പി.ടിഅനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.    

date