ഓപ്പറേഷൻ ബ്രേക്ക് ത്രൂ: കനാൽ നവീകരണം,വെള്ളക്കെട്ട് ഒഴിവാക്കൽ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ല കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ അഡ്വ. എം അനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
നഗരത്തില്‍ മൂന്നു വര്‍ഷമായി നടന്നുവരുന്ന മുല്ലശേരി കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കനാലിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയതിലുള്ള അതൃപ്തി യോഗം ജലസേചന വകുപ്പിനെ അറിയിച്ചു. കൊച്ചി നഗരസഭ മൂന്നരക്കോടി രൂപ നിക്ഷേപിച്ചു തുടങ്ങിയ പ്രവര്‍ത്തിയുടെ ആവശ്യമായ മുഴുവന്‍ ഫണ്ടും പല തവണ വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടും പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നു യോഗത്തില്‍ നിര്‍ദേശം നല്കി. ഓപ്പറേഷന് ബ്രേക്ക് ത്രൂ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട മുല്ലശ്ശേരി കനാലിന്റെ നവീകരണ പ്രവര്‍ത്തിയില്‍ 829 മീറ്റര്‍ കനാല്‍ പുനര്‍നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും തീരാനുണ്ട്. കനാല്‍ പ്രവര്‍ത്തന വേളയില്‍, കനാലിലുള്ളിലും
എസ്കവേഷന്‍ ലിമിറ്റിലും കാണപ്പെടുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളും
കനാല്‍ ക്രോസ് ചെയ്തു പോകുന്ന സീവേജ് കണക്ഷനുകളും കനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2025 മെയ് ജൂണ്‍ ഒന്നിന് മുമ്പ് മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി. മെയ് വരെയുള്ള പ്രവര്‍ത്തികളുടെ ഷെഡ്യൂള്‍ യോഗം അംഗീകരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ അനുവദിച്ച പത്തു കോടി രൂപ ഉപയോഗിച്ചുള്ള പേരണ്ടൂര്‍ കനാലിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് പൂര്‍ത്തീകരിക്കണമെന്നു നിര്‍ദേശം നല്കി.
കൊച്ചി നഗരസഭയില്‍ എല്ലാ വര്‍ഷവും നടത്തുന്ന തോടുകളുടെയും കാനകളുടെയും ചെളി നീക്കുന്ന പ്രവര്‍ത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
കൗണ്‍സില്‍ യോഗം അംഗീകാരം നല്കുന്ന മുറക്ക് മെയ്ന്‍ മുമ്പായി നഗരസഭയുടെ
ഡീസില്റ്റിംഗ്(കനാലിലെ മുഴുവന്‍ ചെളിയും നീക്കം ചെയ്യുന്ന)പ്രവര്‍ത്തികള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു
കിഫ്ബി ഫണ്ടില്‍ മേയറുടെ ആവശ്യപ്രകാരം പ്രത്യേകമായി കനാല്‍ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എളംകുളം മുതല്‍ സ്റ്റേഡിയം വരെയുള്ള ചിലവന്നൂര്‍ കനാല്‍ പരിപൂര്‍ണ്ണമായി ഡീസില്റ്റിങ്ങ് നടത്തി മുഴുവന്‍ ചെളിയും നീക്കം ചെയ്ത് സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തികള്‍ക്കുള്ള 10.95 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തില്‍ ആണെന്നും കെ എം ആര് എല്‍, നിര്‍വഹണ ഏജന്‍സി ആയും ഏല്‍പ്പിച്ചിട്ടുണ്ടെന്നും, കെ എം ആര് എല്ലിനോട് ഈ പ്രവര്‍ത്തികള്‍ ജൂണ്‍ മാസത്തിനു മുമ്പ് തന്നെ പൂര്‍ത്തീകരിക്കണമെന്നും അറിയിച്ചു.
കല്‍വെര്‍ട്ടുകള്‍ വൃത്തിയാക്കാന്‍ റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം ഹൈക്കോടതി ബെഞ്ചിനെ അറിയിക്കാനും ഹൈക്കോടതിയുടെ തീരുമാനം
അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത്യാധുനിക ഹൈപവര്‍ പമ്പുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. സ്ഥിരമായി ഒരു പമ്പ് ഫാര്‍മസി ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു പമ്പ് കെ എസ് ആര് ടി സിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. 2.5 കോടി രൂപയുടെ രണ്ട് പമ്പ് വാങ്ങിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ ഒരെണ്ണം കലൂര്‍ ജേണലിസ്റ്റ് കോളനി ഉള്‍പ്പെടുന്ന പ്രദേശത്ത് ഉപയോഗിക്കണമെന്ന മേയറുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.
നഗരസഭയുടെ പുതിയതായി വാങ്ങിയിട്ടുള്ള സില്‍ട്ട് പുഷറും ചെറിയ റോഡുകളില്‍ കയറി കാന വൃത്തിയാക്കുന്ന സക്ഷന്‍ കം ജറ്റിംഗ് മെഷിനും ഉപയുക്തമാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വീഡ് ഹാര്‍വെസ്റ്റര്‍, സക്ഷന്‍ കം ജറ്റിംഗ് മെഷീന് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ യോഗം തൃപ്തി രേഖപ്പെടുത്തി. എം ജി റോഡില്‍ സക്ഷന്‍ കം ജെറ്റിംഗ് മെഷീന് വന്നതിനുശേഷം വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മെഷീനുകളുടെ ഉപയോഗം തുടര്‍ച്ചയായി നടത്തണമെന്ന് യോഗത്തില്‍ തീരുമാനിച്ചത്.
എംജി റോഡിലെ കാനകള്‍ക്ക് ശരിയായ സ്ലോപ്പ് ഉറപ്പാക്കി നിര്‍മ്മിച്ചാലേ പൂര്‍ണ്ണമായും വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്ന് പിഡബ്ല്യുഡി അറിയിച്ചു. ഫണ്ട് ലഭ്യമാക്കാന്‍ ഈ വര്‍ഷം പത്തുകോടി രൂപ കൂടി ഒബിടിക്കായി അനുവദിക്കാന്‍ ധനകാര്യ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്ന് മേയര്‍ യോഗത്തില്‍ അറിയിച്ചു.
ഫാര്‍മസി ജംഗ്ഷന് മുതല്‍ കെപിസിസി ജംഗ്ഷന് വരെ അപകടകരമായി തകര്‍ന്നുകിടക്കുന്ന സ്ലാബുകള്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പിഡബ്ല്യുഡി വിഭാഗത്തോട് യോഗം നിര്‍ദേശിച്ചു. ഇതിനായി പി ഡ ബ്ലു ഡി ഒരു കോടി 10 ലക്ഷം രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചിട്ടുണ്ട്.
4.4 കോടി രൂപ ചെലവഴിച്ചു 4 ഘട്ടങ്ങളില്‍ ഹൈക്കോടതി മുതല്‍ മംഗളവനം വരെയുള്ള കാനയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കമ്മട്ടിപ്പാടത്തെ കലുങ്കുകളുടെയും കനാലിന്റെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലവില്‍ പുരോഗമിച്ചു വരികയാണെന്നും ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.
യോഗത്തില്‍ റവന്യു, ഇറിഗേഷന്‍, കൊച്ചി കോര്പ്പറേഷന്, കെ എം ആര് , സതേണ്‍ റെയില്‍വേ , ജി സിഡി എ എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments