വിജ്ഞാനം ജനകീയമാക്കാന്‍ 'പ്രബുദ്ധത' ക്യാമ്പയിന് തുടക്കമായി
ഉന്നതവിജ്ഞാനം ജനസമൂഹത്തിലേക്ക് എത്തിക്കാന്‍ ചോദ്യം ചോദിക്കാന്‍ പ്രചോദിപ്പിച്ച് 'പ്രബുദ്ധത' പദ്ധതിയ്ക്ക് തുടക്കമായി. ഉന്നത വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണവും സാമൂഹ്യവത്കരണവും ലക്ഷ്യമിട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്. പാളയം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 'പ്രബുദ്ധത ഇന്‍സ്റ്റലേഷനെ' കേന്ദ്രീകരിച്ച് നടന്ന വ്യത്യസ്തമായ ചടങ്ങില്‍ പദ്ധതിയുടെ പ്രചാരണ ക്യാമ്പയിന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ ജനങ്ങള്‍ ചോദിക്കുന്ന പ്രസക്തമായ ചോദ്യങ്ങളും നിര്‍ദേശങ്ങളും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സിലബസ് രൂപീകരണത്തിലും പരീക്ഷാ നടത്തിപ്പിലും പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാമ്പസില്‍ ചോദ്യചിഹ്നത്തിന്റെ രൂപമുള്ള ഇന്‍സ്റ്റലേഷനാണ് തയാറാക്കിയിരിക്കുന്നത്. ഇതിലുള്ള ചോദ്യപ്പെട്ടിയില്‍ ജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ ചോദ്യങ്ങള്‍ നിക്ഷേപിച്ചു.
പദ്ധതിയുടെ പ്രഥമ മാതൃക കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കരകുളം ഗ്രാമപഞ്ചായത്തിലാണ് നടപ്പാക്കിവരുന്നത്. പ്രബുദ്ധത വോളണ്ടിയര്‍മാര്‍ കരകുളം പഞ്ചായത്തില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുകയും, ഉന്നതവിജ്ഞാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സാധാരണക്കാരില്‍ ചിന്തകള്‍ ഉണര്‍ത്താനാകുന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രചരിപ്പിക്കുകയും ചെയ്യും. ഉന്നതവിജ്ഞാന ഉത്പന്നങ്ങളില്‍ നികുതിദായകരായ തങ്ങള്‍ക്കും അവകാശമുണ്ടെന്ന ബോധം സമൂഹത്തില്‍ ഉളവാക്കാനാണ് പ്രബുദ്ധത ടീം ശ്രമിക്കുക. സമൂഹത്തില്‍നിന്ന് ശേഖരിക്കുന്ന ചോദ്യാവലികള്‍ തുറന്ന കത്തുകളായി ബന്ധപ്പെട്ട വിജ്ഞാനകേന്ദ്രങ്ങള്‍ക്കും വിദഗ്ധര്‍ക്കും അയച്ചുകൊടുക്കുകയും മറുപടി തേടുകയും ചെയ്യും.
ഉത്തരങ്ങളുമായി വിദഗ്ധര്‍ കരകുളം പഞ്ചായത്തിലെത്തുന്ന ദിവസം പ്രബുദ്ധതാ ദിനമായി ആചരിക്കും. കേരള സമൂഹത്തില്‍ നിന്ന് ലഭിച്ച ആശയങ്ങളും, ആവശ്യങ്ങളും ഗവേഷണവിഷയങ്ങളും അന്ന് കരകുളം നിവാസികള്‍ അധികാരികാരികള്‍ക്ക് കൈമാറും.
ക്യാമ്പയിന്‍ ഉദ്ഘാടനചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗീസ്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. ഗണേഷ്, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.4722/18
- Log in to post comments