Skip to main content

ഭാഷാപരമായ അധമബോധം മലയാളികള്‍ തുടരരുത്: പ്രഭാവര്‍മ

 

*ഭൂമിമലയാളം ഭാഷാസെമിനാര്‍ സംഘടിപ്പിച്ചു

മലയാളഭാഷയെക്കുറിച്ച് മലയാളികള്‍ പുലര്‍ത്തുന്ന അപകര്‍ഷതാബോധം ഉപേക്ഷിക്കണമെന്നും ഇത്  മലയാളികളെ ധരിപ്പിക്കാനുള്ള ദൗത്യം മലയാളം മിഷന്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവര്‍മ പറഞ്ഞു. മലയാളം മിഷന്‍ സംഘടിപ്പിച്ച ഭൂമി മലയാളം ഭാഷാ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

ഭാഷയുടെ ഉത്കൃഷ്ടത വെളിവാക്കുന്നത് അതിന്റെ ഉച്ചാരണരീതിയാണ്. എഴുതുന്നതു തന്നെയാണ് മലയാളത്തില്‍ ഉച്ചരിക്കുന്നത്. ഇത് മലയാളത്തിന്റെ മാത്രം സവിശേഷതയാണ്. മലയാളം ഭരണഭാഷയാക്കാന്‍ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തുതന്നെ ശ്രമം തുടങ്ങിയതാണ്. എന്നാല്‍ ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലയാള ഭാഷ പ്രാപ്തമായിട്ടില്ല എന്നാണ്  ചിലര്‍ വാദിച്ചത്. ഒരു നൂറ്റാണ്ടിനു താഴെ കാലം മാത്രമേ കേരളത്തില്‍ ഇംഗ്ലീഷ് ഭരണഭാഷയായിട്ടുള്ളൂ. അതിനുമുമ്പ് നാട്ടുരാജ്യങ്ങളുടെ ഭരണഭാഷയായിരുന്ന മലയാളം ബ്രിട്ടീഷുകാര്‍ക്കുശേഷം എങ്ങനെയാണ് ഭരണഭാഷയാകാന്‍ യോഗ്യമല്ലാതായതെന്നും അദ്ദേഹം ചോദിച്ചു. ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്ക് ബോധ്യം വരുന്ന ഭാഷയാണ് ഭരണഭാഷയാകേണ്ടതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 

മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനും മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിന് ബില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഭാഷയോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്നുവെന്നും പ്രഭാവര്‍മ പറഞ്ഞു. 

മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു മോഡറേറ്റായിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദ്, പി.എസ്.സി. അംഗം പാര്‍വതീദേവി, ഭാഗ്യലക്ഷ്മി, മാധ്യമപ്രവര്‍ത്തകരായ പി.എം. മനോജ്, എം.എസ്. ശ്രീകല, ഇ. സനീഷ്, ബി. അഭിജിത്ത്, മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4724/18

date