വികസന വീഥിയില്‍ വിതുര കെ.എസ്.ആര്‍.ടി.സി; ഇനി ടൂറിസം ഹബ്ബ്
#ഐസര്‍ വിതുര- ഗുരുവായൂര്‍ സ്ലീപ്പർ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചു#
പൊന്മുടി കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുഖകരവും ആനന്ദദായകവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിതുരയില്‍ 'ടൂറിസം ഹബ്ബ്' പദ്ധതിയ്ക്ക് തുടക്കമാകുന്നു. വിതുരയില്‍ നിന്നും കല്ലാര്‍ ഗോള്‍ഡന്‍ വാലി വഴി പൊന്മുടിയിലേക്കും മടക്കയാത്ര ഉള്‍പ്പെടെ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉല്ലാസയാത്രയ്ക്കാണ് തുടക്കമാകുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ വിതുര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തിച്ചേരുന്ന യാത്രികര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഒരാള്‍ക്ക് 40 രൂപ എന്‍ട്രി ഫീസ് ഉള്‍പ്പെടെ 200 രൂപയാണ് ഈടാക്കുന്നത്. ഇതിനായി അഞ്ചു ഷോര്‍ട്ട് വീല്‍ ബസുകള്‍ നവീകരിച്ചു. മ്യൂസിക്ക് സിസ്റ്റം, മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉല്ലാസ യാത്രികര്‍ക്കായി ബസിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ വാഹനങ്ങളില്‍ ഉല്ലാസയാത്രയ്ക്കായി വിതുരയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിതുര ടൂറിസം ഹബ്ബിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ ട്രിപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും. പൊന്മുടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ ക്രമീകരിക്കുന്നതിനുള്ള പദ്ധതിയും ഇതിനോടൊപ്പം നടപ്പിലാക്കും.
കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ വിതുരയിലും മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂള്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി വിതുര കെഎസ്ആര്‍ടിസി ഡിപ്പോയിലും ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങി. വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നല്‍കി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാക്കാനാണ് ഇതുവഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡ്രൈവിംഗ് സ്‌കൂളിന് പുതിയ മന്ദിരം നിര്‍മിക്കാന്‍ ജി.സ്റ്റീഫന്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് ചേര്‍ന്നാണ് പുതിയ മന്ദിരം നിര്‍മിക്കുക. സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഹ്രസ്വകാല ട്രാഫിക്ക് കോഴ്സായ 'റോഡിലെ നല്ല പാഠങ്ങള്‍' ഡ്രൈവിംഗ് സ്‌കൂളില്‍ പഠിപ്പിക്കു൦. ഇതോടൊപ്പം വിതുരയില്‍ നിന്നുള്ള ഗുരുവായൂര്‍ സ്ലീപ്പർ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഇന്ന് ( 04/02/2025) സര്‍വീസ് ആരംഭിച്ചു.
പുലര്‍ച്ചെ 4.15ന് വിതുര ഐസറില്‍ നിന്നാരംഭിച്ച് നെടുമങ്ങാട്, ആറ്റിങ്ങല്‍, കൊല്ലം, കായംകുളം, ആലപ്പുഴ, വൈറ്റില വഴി ഗുരുവായൂരിലെത്തും. വൈകിട്ട് 4.30ന് തിരിച്ച് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നെടുമങ്ങട് വഴി വിതുരയിൽ മടങ്ങി എത്തും.
- Log in to post comments