Skip to main content

ഭരണഭാഷ മലയാളമാക്കുന്ന ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണം: ജില്ലാ കളക്ടർ

#കളക്ടറേറ്റിൽ ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചു#

ഭരണഭാഷ മലയാളമാക്കുന്ന ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ഉത്സാഹത്തോടു കൂടി ഇതിനായി പ്രവർത്തിക്കണമെന്നും കളക്ടർ അനുകുമാരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കായി ഉദ്യോ​ഗസ്ഥ ഭരണപരിഷ്കാര (ഔദ്യോ​ഗിക ഭാഷ) വകുപ്പിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഭരണരം​ഗത്ത് ഭാഷ ജാ​ഗ്രതയോടെ ഉപയോ​ഗിക്കണമെന്നും പാണ്ഡിത്യം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാകരുത് ഭരണരം​ഗമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഭാഷാ വിദഗ്ധൻ ആർ ശിവകുമാർ അഭിപ്രായപ്പെട്ടു. ഭരണഭാഷാവബോധ പരിപാടിയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ഒറ്റ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതായിരിക്കണം ഭരണഭാഷ. ഭരണരം​ഗത്ത് ധാരാളം പദങ്ങളിലും പ്രയോ​ഗങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ അന്തസ്സിനെ ഇകഴ്ത്തുന്ന പദങ്ങൾ ഉപയോ​ഗിക്കാൻ പാടില്ല. ഒരു വ്യക്തിയുടെ അവകാശത്തിന്റെ പദമാണ് ഭാഷ. മാതൃഭാഷ ഭരണഭാഷയാക്കുന്നതിന് കേരളത്തെ പോലെ പരിശ്രമിച്ച മറ്റ് സംസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി ഭാഷ ഉപയോ​ഗിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് എഡിഎം ബീന പി ആനന്ദ് പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ സെക്രട്ടറി കെ കെ ബാലഗോപാൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കാണ്  ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചത്

date