വനിതാ ജംഗ്ഷൻ ആഘോഷമാക്കി ജീവനക്കാർ
ജില്ലാ വനിതാ ജംഗ്ഷന്റെ ഭാഗമായി മാനവീയം വീഥിയിൽ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ വനിതാ ജീവനക്കാരുടെ കലാപരിപാടികൾ അരങ്ങേറി. ജില്ലാ കളക്ടർ അനു കുമാരി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വനിതാ ജംഗ്ഷൻ പോലുള്ള പരിപാടികൾ സ്ത്രീകളുടെ നല്ല ഭാവിയ്ക്ക് മുതൽകൂട്ടാണെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ വളരെ വിജയകരമായി വനിതാ ജംഗ്ഷൻ സംഘടിപ്പിക്കാൻ കഴിഞ്ഞു. ജോലിസ്ഥലത്തെ തിരക്കുകൾക്കിടയിലും വനിതാ ജംഗ്ഷന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാൻ സമയം കണ്ടെത്തിയ വനിതാ ജീവനക്കാരെ കളക്ടർ അഭിനന്ദിച്ചു.
പൊതുഇടം സ്ത്രീകൾക്ക് കൂടി സുരക്ഷിത ഇടമാക്കുക,ഇതുവരെ പൊതുഇടത്തിൽ പരിപാടി അവതരിപ്പിക്കുന്നതിന് ഒരു വേദിപോലും ലഭിക്കാത്ത സ്ത്രീകൾക്ക് അതിനുള്ള അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ചു വരുന്ന പരിപാടിയാണ് വനിതാ ജംഗ്ഷൻ. ആരോഗ്യം, തദ്ദേശ സ്വയം ഭരണം, മൃഗ സംരക്ഷണം, വിദ്യാഭ്യാസം ഉൾപ്പെടെ ജില്ലയിലെ പതിനഞ്ചോളം സർക്കാർ വകുപ്പുകളിൽ നിന്നുള്ള വനിതാ ജീവനക്കാരാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. സംഘനൃത്തം, കവിതാ പരായണം, നാടോടിനൃത്തം, സ്കിറ്റ് തുടങ്ങി രാത്രി വരെ നീണ്ടുനിൽക്കുന്ന കലാപരിപാടികളാണ് മാനവീയം വീഥിയിൽ അരങ്ങേറിയത്.
ജില്ലാ ആസൂത്രണ സമിതി അംഗം രാഖി രവികുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്‌നീം പി എസ് , ഡോ പി എസ് ശ്രീകല ഡയറക്ടർ, കേരള നോളഡ്‌ജ് എക്കണോമിക് മിഷൻ, ജില്ലാ ആസൂത്രണ സമിതി അംഗം എ മിനി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments