റവന്യൂ ദിനം: സംഘാടക സമിതി യോഗം ചേർന്നു
ഫെബ്രുവരി 24ന് ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന റവന്യൂ ദിനാഘോഷത്തിന്റെയും റവന്യൂ അവാർഡ് വിതരണത്തിന്റെയും സംഘാടക സമിതി യോഗം ചേർന്നു. റവന്യൂ ദിനാഘോഷവും അവാർഡ് വിതരണവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ജി.ആർ അനിൽ, ജില്ലയിലെ എംഎൽഎമാർ, എല്ലാ ജില്ലകളിലേയും കളക്ടർമാർ, സബ് കളക്ടർ, എഡിഎം, വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 2024ൽ റവന്യൂ, സർവ്വേ വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ വിഭാഗങ്ങളിലുള്ള 72 ഉദ്യോഗസ്ഥർക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
ആന്റണി രാജു എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ചേംബറിലായിരുന്നു യോഗം. എഡിഎം ബീന പി ആനന്ദ്, ഹുസൂർ ശിരസ്തദാർ ആർ.രാജി, വാർഡ് കൗൺസിലർ രാഖി രവികുമാർ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments