പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായെന്നതിന്റെ ജനകീയ വിലയിരുത്തലാണ് പഠനോത്സവം: മന്ത്രി വി.ശിവന്‍കുട്ടി
#പഠനോത്സവം,2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി വളര്‍ന്നതിന്റെ ജനകീയ വിലയിരുത്തലാണ് പഠനോത്സവമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പഠനോത്സവം 2025ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുഇടങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ദൈനംദിന ഇടപെടല്‍ നടത്താന്‍ കഴിയാത്ത പൊതു ജനങ്ങള്‍ക്കും കുട്ടികളുടെ പഠന മികവുകള്‍ നേരിട്ട് അറിയാന്‍ കഴിയും. പഠനോത്സവ അവതരണങ്ങള്‍ കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടാക്കും. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസിലാക്കാനും ഇടപെടാനുമുള്ള അവസരമാണ് പഠനോത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
സ്കൂള്‍ പ്രവേശനോത്സവം മുതല്‍ പഠനോത്സവം വരെയാണ് കേരളത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. സമഗ്ര ശിക്ഷ, സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സ്കൂളുകളിലും പഠനോത്സവം നടത്തും. മൂന്നു തലങ്ങളിലാണ് ഇവ നടക്കുക. പഠനോത്സവ ദിവസം ആദ്യഘട്ടത്തില്‍ അധ്യാപകര്‍ കുട്ടികളുടെ ഒരു വര്‍ഷത്തെ അക്കാദമിക മികവ് ക്ലാസ്തലത്തില് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തന നേട്ടങ്ങള്‍ അവതരിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ പൊതുജന മധ്യത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മികവുകള്‍ അവതരിപ്പിക്കും.
കൊഞ്ചിറവിള യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ സജുലാല് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ജയപ്രകാശ് .ആര്.കെ, സ്കൂള്‍ ഹെഡ്മിസ്ട്രസ് സബൂറ. എന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments