Skip to main content

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  വിഹിതം പുതുക്കണം

സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും   ക്ഷേമനിധി വിഹിതം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ കുടിശ്ശികയുള്ള തൊഴിലാളികളും 2024-25 വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാത്ത തൊഴിലാളികളും ഫെബ്രുവരി 28 നകം അംശദായം അടയ്ക്കണം.  ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൊണ്ടുവരണം.   പ്രവര്‍ത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം പുതിയ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമായും നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വിവിധ   ആനുകൂല്യങ്ങള്‍   തുടര്‍ന്നും ലഭിക്കുന്നതിന്  അംശദായം അടച്ച് അംഗത്വം നിലനിര്‍ത്തേണ്ടതാണ്
കെ എസ് പുരം ഫിഷറീസ് ഓഫീസ് പരിധിയിലുള്ള കരുനാഗപ്പള്ളി ഉള്‍നാടന്‍, കുലശേഖരപുരം, മരുതൂര്‍ കുളങ്ങര മത്സ്യഗ്രാമങ്ങളിലായി 1988 മത്സ്യത്തൊഴിലാളികളും 971 അനുബന്ധ തൊഴിലാളികളും ഇനിയും വിഹിതം അടച്ച് അംഗത്വം പുതുക്കാനുണ്ട്. തുടര്‍ച്ചയായി അംശദായ കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികളുടെ പേര് തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്ന 2025-26 ലെ മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി ലിസ്റ്റുകളില്‍ നിന്ന് ഒഴിവാക്കും. തെക്കുംഭാഗം, കോയിവിള, അരുനല്ലൂര്‍, വടക്കുഭാഗം, ചവറ പ്രദേശങ്ങളിലെ ഉള്‍നാടന്‍ തൊഴിലാളികള്‍ക്കും അനുബന്ധതൊഴിലാളികള്‍ക്കും ക്ഷേമനിധി വിഹിതം അടക്കുന്നതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രത്യേക ക്യാമ്പ് ഫെബ്രുവരി 24ന്  രാവിലെ 10 മുതല്‍   വൈകിട്ട് 3.30 വരെ തേവലക്കര മത്സ്യഭവനില്‍ (കോയിവിള ഭരണിക്കാവ് മത്സ്യഭവന്‍) നടത്തും. ക്ലാപ്പന പ്രദേശത്തെ തൊഴിലാളികള്‍ക്ക് വിഹിതം അടയ്ക്കാന്‍ പ്രത്യേക ക്യാമ്പ് തോട്ടത്തില്‍ മുക്ക്  ഇ.എം.എസ് ഗ്രന്ഥശാലയില്‍ വച്ച്  ഫെബ്രുവരി 27ന് നടത്തും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ സജീവ മത്സ്യത്തൊഴിലാളികള്‍ക്കും 70 വയസ്സ് വരെ വര്‍ഷ വരി അടച്ച് അംഗത്വം തുടരാന്‍ അവസരമുണ്ട്. അതിനാല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 70 വയസ് പൂര്‍ത്തിയാക്കാത്ത പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റിയില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ വാര്‍ഷിക വിഹിതം അടച്ച് അംഗത്വം തുടരുകയോ അംഗത്വം തുടരാന്‍ താല്പര്യം ഇല്ലാത്തവര്‍ രേഖാമൂലം ഫിഷറീസ് ഓഫീസറെ അറിയിക്കണമെന്നും റീജിയണല്‍ എക്‌സിക്യൂട്ടീവ്  അറിയിച്ചു. ഫോണ്‍ 9497715526.
 

date