‘ആരോഗ്യം ആനന്ദം: അകറ്റാം അര്‍ബുദം' സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
സിവില്‍ സ്റ്റേഷനിലെ 30 വയസ് കഴിഞ്ഞ വനിതാ ജീവനക്കാര്‍ക്കായി സ്തനാര്‍ബുദ, ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് നടത്തി. ക്യാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ആരോഗ്യം ആനന്ദം: അകറ്റാം അര്‍ബുദം' ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ആത്മ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ക്യാന്‍സര്‍ രോഗബാധയെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ മികച്ച ചികിത്സ ഉറപ്പാക്കി രോഗം ഭേദമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കാനും സാധിക്കും. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലേക്ക് ക്യാന്‍സര്‍ അവബോധ പ്രചാരണം എത്തിക്കാന്‍ കഴിഞ്ഞാല്‍ മികച്ച രീതിയില്‍ ജില്ലയില്‍ ക്യാന്‍സര്‍ പ്രതിരോധം നടപ്പാക്കാനാവുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. എം എസ് അനു അധ്യക്ഷയായി. ജില്ലാ സബ് ജഡ്ജ് നിഷാ മുകുന്ദന്‍ വിശിഷ്ടാതിഥിയായി. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. പ്ലാസ, മാസ് മീഡിയ ഓഫീസര്‍മാരായ എന്‍.പ്രദീപ്, ടി.ഷാലിമ എന്നിവര്‍ സംസാരിച്ചു.
- Log in to post comments