സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു : മന്ത്രി വി.ശിവൻകുട്ടി
***ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ധനുവച്ചപുരം എൻ.കെ.എം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളി൯്റെ പുതിയ ഹയർ സെക്കൻഡറി ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മന്ദിരമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
സ്കൂൾ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള സംരംഭങ്ങളിലൂടെ നൂറു കണക്കിന് സ്കൂളുകൾ നവീകരിച്ചുവെന്നും, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ സംസ്ഥാനം പ്രധാനമായ പരിവർത്തനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
3230 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച രണ്ടു നിലകളുള്ള പുതിയ ഹയർ സെക്കൻഡറി ബ്ലോക്കിൽ 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള മൂന്നു ക്ലാസ് മുറികളും, ടോയ്‌ലെറ്റും, സ്റ്റെയർ ടവറുമാണ് നിലവിലുള്ളത്. മൂന്നു നിലകൾ നിർമിക്കുന്നതിനുള്ള ഫൌണ്ടേഷൻ കെട്ടിടത്തിന് നൽകിയിട്ടുള്ളതിനാൽ മൂന്നു ക്ലാസ് മുറികൾ കൂടി ഈ കെട്ടിടത്തിൽ ഭാവിയിൽ നിർമ്മിക്കാൻ സാധിക്കും.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
- Log in to post comments