Skip to main content

പോത്തന്‍കോട്ടെ ലൈഫ് ഗുണഭോക്കാക്കള്‍ക്ക് ആശ്വാസമായി ഹോളോബ്രിക്‌സ് യൂണിറ്റ്

 

പോത്തന്‍കോട് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ കട്ടകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി ഹോളോബ്രിക്‌സ് യൂണിറ്റ് ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും സംയുക്തമായി ശ്രീനാരായണപുരത്ത് ആരംഭിച്ച യൂണിറ്റ് സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പോത്തന്‍കോട് പഞ്ചായത്തിലെ 194 ലൈഫ് ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സംരംഭത്തിന്റെ ഗുണഫലം ലഭിക്കുക. ഒരു വീടിന് 1400 കട്ടകളാണ് കണക്കാക്കിയിട്ടുള്ളത്. കട്ടകള്‍ സൗജന്യമായാണ് നിര്‍മിച്ച് നല്‍കുന്നത്. കെട്ടിടം നിര്‍മിക്കുന്നിടത്ത് കട്ടകള്‍ എത്തിച്ച് നല്‍കുന്നതിന് ഹാന്‍ഡിലിംഗ് ചാര്‍ജായി ഒരു കട്ടയ്ക്ക് 10 രൂപ വീതം ഈടാക്കും. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന യൂണിറ്റിന് തൊഴിലുറപ്പ് പദ്ധതിയില്‍ 20 ലക്ഷം രൂപയും പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും വകയിരുത്തിയിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാനിബാ ബീഗം,  ജില്ലാ പഞ്ചായത്തംഗം എം. ജലീല്‍,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ മധു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
(പി.ആര്‍.പി. 2552/2018)

 

 

date