Skip to main content

ആലുവയിലെ നിർദ്ദിഷ്ട 190 എംഎൽഡി പ്ലാന്റ് എഡിബിയില്‍ ഉള്‍പ്പെടുത്തുവാൻ സാധ്യത പരിശോധിക്കും : റോഷി അഗസ്റ്റിൻ

*ടി ജെ വിനോദ് എം.എൽ.എ യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി.* 

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചി കോര്‍പ്പറേഷനും സമീപപ്രദേശങ്ങളിലെ 5 മുനിസിപ്പാലിറ്റികളും സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന വിശാലകൊച്ചിമേഖല അതീവ ഗുരുതര കുടിവെള്ളക്ഷാമമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇൗ പ്രദേശങ്ങളിലെ ഗാര്‍ഹിക വാണിജ്യാവശ്യങ്ങള്‍ക്കും ജല്‍ജീവന്‍ മിഷനിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കും കുടിവെള്ള സ്രോതസ് ഉറപ്പാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റ് നിർദ്ദേശിച്ചിട്ടുള്ളതാണ്. ആലുവ ജലശുദ്ധീകരണശാലയില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന 225 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ 121.5 ദശലക്ഷം ലിറ്റർ വെള്ളവും, മരട് ശുദ്ധീകരണശാലയില്‍ ഉല്‍പാദിപ്പിക്കുന്ന 100 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ 53.5 ദശലക്ഷം ലിറ്റർ വെള്ളവുമുള്‍പ്പെടെ 175 ദശലക്ഷം ലിറ്റർ വെള്ളമാണ് കൊച്ചിന്‍ കോര്‍പ്പറേഷനിലാകെ ലഭ്യമാകുന്നത്. ഇതില്‍ വിതരണനഷ്ടം 35 ശതമാനം ഉണ്ടാകുമെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ ആകെയുള്ള ജലവിതരണ കണക്ഷനുകളുടെ എണ്ണം 1,40,000 ആണ്. ഗാര്‍ഹികേതര കണക്ഷനുകള്‍-28000, വ്യാവസായിക കണക്ഷനുകള്‍-251, സ്പെഷ്യല്‍ കണക്ഷനുകള്‍-2, പൊതുടാപ്പുകള്‍-5445 എന്നിങ്ങനെയാണ് അവയുടെ കണക്ക്. കൂടാതെ കൊച്ചിന്‍ പോര്‍ട്ട്, നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, പത്തോളം ആശുപത്രികള്‍, കോളേജുകള്‍, വന്‍കിട ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ ബള്‍ക്ക് കണ്‍സ്യൂമേഴ്സുമുണ്ടെന്നു ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

 

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം കൊച്ചി നഗരം ക്ലാസ് 2-ല്‍ ഉൾപ്പെടുന്നു. സെന്‍ട്രല്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ് ഓര്‍ഗനെെസേഷന്റെ മാനദണ്ഡപ്രകാരം സാധാരണഗതിയില്‍ ഒരു ദിവസം ഒരു വ്യക്തിക്ക് 150 ലിറ്റര്‍ വെള്ളം ലഭ്യമാക്കേണ്ടതാണ്. ഇതുപ്രകാരം കൊച്ചിയില്‍ പ്രതിദിനം 45 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ കുറവുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് കൊച്ചി നഗരത്തില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നുണ്ട്. അമൃത് പദ്ധതി ഫേസ് 1-ല്‍ 184 കോടി രൂപയുടെയും ഫേസ്-2-ല്‍ 374 കോടി രൂപയുടെയുമുള്‍പ്പെടെ 558 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗം വര്‍ക്കുകളും പെെപ്പ് മാറ്റലും ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിക്കലുമാണ്. ഇൗ ഭാഗത്ത് അമൃത് പദ്ധതിപ്രകാരം പ്രധാനമായും പെെപ്പ് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് എ.ഡി.ബി. പദ്ധതിയിലൂടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികളെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൊച്ചിയില്‍ പൈപ്പ് മാറ്റിയതുകൊണ്ടുമാത്രം പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നങ്ങളല്ല ഇന്നുളളതെന്നും വെള്ളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാത്തതുകാരണം ഗുരുതരമായ കുടിവെള്ള ക്ഷാമമാണ് ഇന്ന് നഗരത്തില്‍ നിലവിലുള്ളത് എന്നും ടി ജെ വിനോദ് എം.എൽ.എ ചൂണ്ടിക്കാണിച്ചു. 

 

ഒരു പ്രദേശത്ത് കുടിവെള്ളം ലഭിക്കാതെ വരുമ്പോള്‍ മറ്റ് പ്രദേശങ്ങളിലെ വാല്‍വ് തിരിച്ച് ആ പ്രദേശത്തേയ്ക്ക് വെള്ളം ഡൈവര്‍ട്ട് ചെയ്തുവിടും. അപ്രകാരം ഡൈവര്‍ട്ട് ചെയ്ത് വിടുമ്പോള്‍ നേരത്തേ വെളളം ലഭിച്ചുകൊണ്ടിരുന്ന സ്ഥലത്ത് വെള്ളം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് നഗരത്തില്‍ പ്രാക്ട്രീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമൂലം നഗരത്തിലെ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്. 'കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്‌മെന്റ് പ്രോജക്ട്' എന്ന പേരില്‍ കൊച്ചിയില്‍ എ.ഡി.ബി. സഹായത്തോടുകൂടി 798.13 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി പത്ത് വര്‍ഷത്തേയ്ക്ക് ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളത്തിന്റെ വിതരണത്തിലുണ്ടാകുന്ന നഷ്ടം 20 ശതമാനം കുറച്ചും കുടിവെള്ളം മുടങ്ങാതെ ലഭ്യമാകുമെന്നാണ് ഈ പദ്ധതിയിലൂടെ വിഭാവന ചെയ്യുന്നതെന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കൊച്ചിയില്‍ വെള്ളം എത്തിക്കുന്നതിനുള്ള പ്രോജക്ടും പുതിയ ജലസ്രോതസ്സും ഈ പദ്ധതിയിലില്ല എന്നുള്ള വസ്തുത തിരിച്ചറിയണമെന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.

 

ഇത് പരിഹരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍, അതിനോടൊപ്പം ചേര്‍ന്ന അഞ്ച് മുനിസിപ്പാലിറ്റികള്‍, പതിമൂന്ന് പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ ആലുവയില്‍ നിലവിലുള്ള ശുദ്ധീകരണശാലക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്തെ 190 എം.എല്‍.ഡി. ശുദ്ധീകരണശാലയില്‍ പുതിയ ജലവിതരണ സ്രോതസ്സ് ഉണ്ടാക്കുകയെന്നതാണ് പരിഹാരമാര്‍ഗ്ഗം. പുതിയ ജല സ്രോതസ്സ് കണ്ടെത്താതെ നിലവിലെ സംവിധാനമുപയോഗിച്ച് ജലം എത്തിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം ഇപ്പോള്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനൊരു പരിഹാരം ആകില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആയതിനാല്‍ കൊച്ചി നഗരത്തിലെ ഈ ഗുരുതരമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന് ടി.ജെ വിനോദ് എം.എൽ.എ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ പറഞ്ഞു.  

 

 

 

എഡിബി പദ്ധതിയില്‍ പെരിയാറില്‍ പുതിയ പമ്പ് ഹൗസ്, പമ്പ് സെറ്റ്, ഉന്നതതല ജലസംഭരണി, ശുദ്ധീകരണശാല ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും. പുതിയ ജല ശുദ്ധീകരണശാല നിലവില്‍ വരുമ്പോള്‍ ആലുവ, ഏലൂര്‍, തൃക്കാക്കര, കളമശ്ശേരി, മരട് മുനിസിപ്പാലിറ്റികള്‍ക്കും, കീഴ്മാട് എടത്തല, ചൂര്‍ണിക്കര, ഞാറയ്ക്കല്‍, എളംകുന്നപ്പുഴ, മുളവുകാട്, നായരമ്പലം, വരാപ്പുഴ, ചേരാനെല്ലൂര്‍, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും കൊച്ചി കോര്‍പ്പറേഷനിലേയ്ക്കും പ്രയോജനപ്പെടുന്നതാണ്. ആലുവയില്‍ 190 എം.എല്‍.ഡി. ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെയും കേരള വാട്ടര്‍ അതോറിറ്റിയുടെയും അഭ്യര്‍ഥന മാനിച്ച് എ.ഡി.ബി. കെ.യു.ഡബ്ല്യു.എസ്.ഐ.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് നഗരങ്ങളില്‍ 24*7 ജലവിതരണ സംവിധാനം നടപ്പാക്കുന്നതിനായി എ.ഡി.ബി. ധനസഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിനായി 2511 കോടി രൂപയുടെ ഭരണാനുമതി ഗവണ്‍മെന്റ് ഉത്തരവുപ്രകാരം നല്‍കിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ജലവിതരണ ശൃംഖല നവീകരിക്കലും വിപുലപ്പെടുത്തലും അടങ്ങുന്ന പ്രവൃത്തിയുടെ ടെന്‍ഡറും കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാനുള്ള ടെന്‍ഡറും 190 എം.എല്‍.ഡി. ശുദ്ധീകരണ ശേഷിയുള്ള പുതിയ ജലശുദ്ധീകരണശാല ആലുവയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കായി 523 കോടി രൂപ ഉള്‍പ്പെടുത്തി 07-02-2020-ലെ 2511 കോടി രൂപയുടെ ഭരണാനുമതി പുതുക്കാനുള്ള പ്രൊപ്പോസലും കേരള വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്; ഇത് പരിശോധനയിലാണ്. പ്രസ്തുത പദ്ധതി നടപ്പാക്കുന്നതോടുകൂടി കുടിവെള്ള സ്രോതസ്സ് ഉറപ്പാക്കി കൊച്ചി കോര്‍പ്പറേഷനിലും അതിനോടൊപ്പം ചേര്‍ന്ന് കിടക്കുന്ന അഞ്ച് മുനിസിപ്പാലിറ്റികള്‍ക്കും 13 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

ആലുവയില്‍ നിലവിലുള്ള ജലശുദ്ധീകരണശാലയ്ക്ക് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള 1.57 ഏക്കര്‍ സ്ഥലത്ത് 190 എം.എല്‍.ഡി. ശുദ്ധീകരണ ശേഷിയുള്ള ഒരു പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് കുടിവെള്ളം നഗരത്തില്‍ എത്തിക്കാനുള്ള പദ്ധതി എ.ഡി.ബി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമോ എന്ന ടി.ജെ.വിനോദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി പദ്ധതിയിൽ ഈ ആവശ്യം ഉള്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍ മാത്രമാണ് എ.ഡി.ബി. പദ്ധതിയുമായി ഗവണ്‍മെന്റ് മുന്നോട്ടുപേകാന്‍ ആഗ്രഹിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.*

date