Skip to main content

കാട്ടാക്കടയില്‍ ഹരിതവിദ്യാലയ പ്രഖ്യാപനം ഇന്ന് (നവംബര്‍ 1)

 

* കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപനം നടത്തും.  

* മുഴുവന്‍ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ
  നിയോജകമണ്ഡലം.

 
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി പ്രകാരം മണ്ഡലത്തിലെ സ്‌കൂളുകളെ ഹരിതവിദ്യാലയങ്ങളായി ഇന്ന് പ്രഖ്യാപിക്കും. കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാറാണ് കേരളപ്പിറവി ദിനത്തില്‍ ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തുക. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്നത്.

ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നീ ആശയങ്ങളിലധിഷ്ഠിതമായാണ് ഹരിതവിദ്യാലയങ്ങളെന്ന ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം മിഷന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ഹരിതവിദ്യാലയങ്ങള്‍ രൂപീകരിക്കുന്നതെന്ന് ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു.

കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ 9.30ന് പേയാട് സെന്റ് സേവിയേഴ്സ് സ്‌കൂളില്‍വെച്ചാണ് ഹരിതവിദ്യാലയ പ്രഖ്യാപനച്ചടങ്ങ് നടക്കുക. ഐ.ബി.സതീഷ് എം.എല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി, മണ്ഡലത്തിനു കീഴിലെ ആറു ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, നവകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 2578/2018)

 

date