വയോജന കലാ-കായിക മേളയ്ക്ക് തുടക്കമായി
വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുവേണ്ടി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വയോജന കലാ- കായികമേള കരുതല്‍ 2025ന് തുടക്കമായി. നെയ്യാറ്റിന്‍കര ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍ പതാക ഉയര്‍ത്തി മേളയ്ക്ക് തുടക്കം കുറിച്ചു.
കായിക മത്സരങ്ങളുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ചെയര്മാന് പി.കെ.രാജ്മോഹന്‍ നിര്‍വഹിച്ചു. വയോജനങ്ങളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വയോജന മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പി.കെ രാജ്മോഹന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, സാമൂഹിക നീതി ഓഫീസര്‍ എം. ഷൈനിമോള് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ദിനങ്ങളിലായി നടത്തുന്ന മേളയുടെ ആദ്യ നാളില്‍ കായിക മത്സരങ്ങളും രണ്ടാം ദിനത്തില്‍ കലാ മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടം, നടത്തം, റിലേ എന്നിവയ്ക്ക് പുറമേ ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിന്‍, ക്രിക്കറ്റ് ബോള്‍ ത്രോ മത്സരങ്ങളാണ് നടക്കുന്നത്.
- Log in to post comments