Skip to main content
..

ഭക്ഷ്യവിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍;കുളത്തൂപ്പുഴയിലെ ആദിവാസി ഉന്നതികള്‍ സന്ദര്‍ശിച്ചു

കുളത്തൂപ്പുഴ മേഖലയില്‍ നേരിട്ട് റേഷന്‍ കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്ത വയോജനകള്‍ക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ വേണ്ട ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ അംഗം അഡ്വ.സബിദ ബീഗം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം തെ•ല ഫോറസ്റ്റ് റേഞ്ചിലെ വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈല്‍ എന്നീ ആദിവാസി ഉന്നതികളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. പെരുവഴിക്കാല, രണ്ടാം മൈല്‍ എന്നീ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിക്കുന്നതിനും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് എത്രയും വേഗം കാര്‍ഡ് ലഭ്യമാക്കി, വിവരം കമ്മീഷനെ അറിയിക്കാന്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
നേരത്തെ പെരുവഴിക്കാല ഉന്നതിയുടെ ഭാഗമായിരുന്ന രണ്ടാം മൈല്‍ ഉന്നതി, പ്രത്യേക ഉന്നതിയാക്കി മാറ്റിയ സാഹചര്യത്തില്‍ മിനി അങ്കണവാടി സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013ന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനാണ് ജില്ലയിലെ ഗോത്രവര്‍ഗ ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം യു.എന്‍.അജിത, വേള്‍ഡ് ഫുഡ് പ്രോഗ്രാം സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് റാഫി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഓ.ബിന്ദു, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ചിത്ര, എന്നിവരുടെ നേതൃത്വത്തിലുള്ള പൊതുവിതരണം, ഐസിഡിഎസ്, പട്ടികവര്‍ഗം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്. റ്റി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 10ന് ആര്യന്‍കാവ് പഞ്ചായത്തില്‍ അച്ചന്‍കോവില്‍ ഫോറസ്റ്റ് റേഞ്ചിലെ ആര്യങ്കാവ്, അച്ചന്‍കോവില്‍, മുതലത്തോട് എന്നീ ഗോത്രവര്‍ഗ മേഖലകള്‍ സന്ദര്‍ശിക്കും.
 

 

date