Skip to main content

ആധാര്‍ എടുക്കാം, പുതുക്കാം മേളയില്‍ ഡിജി ലോക്കര്‍ സംവിധാനവുമൊരുക്കി ഐടി വകുപ്പ്

 

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യമായി ആധാര്‍ എടുക്കാനും പുതുക്കാനും സൗകര്യമൊരുക്കി ഐടി വിഭാഗത്തിന്റെ സ്റ്റാള്‍. കൂടാതെ ഐടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ക്വിസ് മത്സരവും ഒരുക്കുന്നു.

 

ആധാര്‍ രജിസ്ട്രേഷനായി പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ബാങ്ക് പാസ്സ്ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു രേഖ നല്‍കണം.

 

നിലവിലെ ആധാര്‍ കാര്‍ഡിലുള്ള വിവരങ്ങളില്‍ മാറ്റം വരുത്താനും പുതുക്കാനും മേളയില്‍ സാധിക്കും.

ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ആധാര്‍ നമ്പറും നിലവിലെ ആധാര്‍ കാര്‍ഡും നല്‍കണം.

അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും അച്ഛന്റെയോ അമ്മയുടെയോ അസ്സല്‍ ആധാറും ബയോമെട്രിക് ഇംപ്രഷനും വേണം. കൂടാതെ സ്വന്തമായി ഡിജിലോക്കര്‍  സംവിധാനം തുടങ്ങാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിലോക്കറിലേക്ക് ഉള്‍പ്പെടുത്താനുള്ള സജ്ജീകരണവും മേളയില്‍ ഐ.ടി വിഭാഗം ഒരുക്കും. മേള നടക്കുന്ന ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ സൗകര്യം ഉണ്ടാവുക. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യം.

 

date