Skip to main content

മതിലകം ബ്ലോക്കിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളില്‍ ഏറെ നാളായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയില്‍ അഗസ്‌തേശ്വരം മുതല്‍ മതിലകം വരെയുള്ള പ്രദേശങ്ങളില്‍ പുതിയ പൈപ്പ് സ്ഥാപിക്കാന്‍ 11,90,01,818 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ 40 വര്‍ഷം പഴക്കമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാറ്റി പകരം പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്തോടെ പൈപ്പ് പൊട്ടുന്നതിന്റെ ഭാഗമായി നിരന്തരമായി ഉണ്ടാകാറുള്ള റോഡ് തകര്‍ച്ചക്കും കുടിവെള്ളം പാഴാകുന്നതിനും ഇതുമൂലമുണ്ടാകുന്ന കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമാകും.

 പദ്ധതി പ്രകാരം 20 എംഎല്‍ഡി (മില്യണ്‍ ലിറ്റര്‍ പെര്‍ ഡേ) ജലമാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍ പൈപ്പുകളുടെ കാലപ്പഴക്കം മൂലം നിലവില്‍ 15 എംഎല്‍ഡി യായി കുറയ്‌ക്കേണ്ടിവന്നതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതോടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നതിനോടൊപ്പം 6322 പുതിയ കണക്ഷനുകള്‍ ജല്‍ ജീവന്‍ മിഷന്‍ വഴി നല്‍കാന്‍ സാധിക്കും.

  കേരള വാട്ടര്‍ അതോറിറ്റിയും കിഫ്ബിയും ചേര്‍ന്ന് നടപ്പിലാക്കുന്ന പൈപ്പ് മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതോടെ കയ്പമംഗലം മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.
 

date