Skip to main content

108 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

തൃശ്ശൂര്‍ ജില്ലയിലെ 108 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം നല്‍കിയത്. പുത്തൂര്‍, കോടശ്ശേരി, ശ്രീനാരായണപുരം, എടവിലങ്ങ്, വേലൂര്‍, കൈപ്പറമ്പ്, അതിരപ്പിള്ളി, കാട്ടകാമ്പല്‍ എന്നീ എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ ജില്ലയില്‍ അംഗീകാരം ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 108 ആയി. നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആദ്യമേ അംഗീകാരം നല്‍കിയിരുന്നു.

ഇനിയും പദ്ധതികള്‍ സമര്‍പ്പിക്കാത്ത ഗ്രാമ പഞ്ചായത്തുകള്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി മെയ് 15 നകം സമര്‍പ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിയുടെ പരിശോധനകള്‍ക്കായി പദ്ധതികള്‍ മെയ് പത്തിനകം സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ല പ്ലാനിങ്ങ് ഓഫീസര്‍ ടി.ആര്‍ മായ, ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date