'എന്റെ കേരളം' പ്രദർശന വിപണന മേള ഉദ്ഘാടനം മെയ് എട്ടിന്, ഒൻപതിന് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം
'എന്റെ കേരളം' മേള സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയാകും : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച്ചയാകും 'എന്റെ കേരളം' പ്രദർശന വിപണന മേളയെന്ന് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മേളയുടെ സംഘാടക സമിതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ കഴിഞ്ഞ ഒൻപത് വർഷം ജില്ലയിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് പ്രദർശന വിപണന മേളയുടെ ലക്ഷ്യം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദർശന മേളക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.
എന്റെ കേരളം മേള ഉദ്ഘാടനം മെയ് എട്ടിന്
കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മെയ് എട്ടിന് നടക്കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്‌കാരിക പരിപാടികൾ, കാർഷിക, ഭക്ഷ്യ, പുസ്തക മേള എന്നിവ നടക്കും. മേള നഗരിയിൽ 2500 ചതുരശ്ര അടിയിൽ ഐപിആർഡിയുടെ തീം പവലിയൻ ഒരുക്കും. കൃഷി, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, കായികം വകുപ്പുകളുടെ പവലിയനുകൾക്ക് പ്രത്യേക ഇടമുണ്ടാവും. മിനി തിയേറ്റർ, പോലീസ് വകുപ്പിന്റെ ഡോഗ്‌ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനങ്ങളും സജ്ജമാക്കുന്നുണ്ട്.
മേള നഗരിയിൽ വികസന നേട്ടങ്ങളുമായി 251 സ്റ്റാളുകൾഒരുങ്ങും
മെയ് എട്ട് മുതൽ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മേളയിൽ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമാണ് ഒരുക്കുന്നത്. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ശീതീകരിച്ച സ്റ്റാളുകളാണ് തയ്യാറാക്കുക. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് പുറമെ എംഎസ്എംഇകൾക്കും ഉൽപ്പന്നങ്ങൾ വിപണനംചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഫുഡ് കോർട്ട്, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ 1500 ചതുരശ്ര അടിയിൽ ഉൾപ്പെടുന്ന മിനി തിയ്യറ്റർ, മികച്ച സ്റ്റേജ് തുടങ്ങിയവയെല്ലാം നിർമിതിയിൽ ഉൾപ്പെടും.
കലാ-സാംസ്‌കാരിക പരിപാടികൾ
മേളയോടനുബന്ധിച്ച് ഉദ്ഘാടന ദിവസമായ മെയ് എട്ടിന് രാത്രി ഏഴ് മണിക്ക് പണ്ഡിറ്റ് രമേഷ് നാരായൺ നയിക്കുന്ന 'ഒരു നറു പുഷ്പമായ്'-മെഹ്ഫിൽ ഖയാലും ഗസലും സിനിമാ സംഗീതവും കൈകോർക്കുന്ന മേളനം അരങ്ങേറും. മെയ് ഒമ്പതിന് രാത്രി ഏഴ് മണി മുതൽ കൊച്ചിൻ കോക് ബാൻഡ് പരിപാടി അവതരിപ്പിക്കും. മെയ് 10 ന് രാത്രി ഏഴ് മണിക്ക് റാസ നയിക്കുന്ന റൂഹ് രംഗ് മെഹ്ഫിൽ, 11 ന് മാഹി നാടകപ്പുര അവതരിപ്പിക്കുന്ന നാടകം പാലസ്തീൻ കോമാളി, 12 ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് എന്നിവ അരങ്ങേറും. മെയ് 13ന് ഫോക് ലോർ, തദ്ദേശീയ കലാ പരിപാടികളുടെ ഭാഗമായി താളം തിരുവാതിര സംഘത്തിന്റെ തിരുവാതിര, മേരി ലാന്റ് ഹൈസ്‌കൂൾ മടമ്പം അവതരിപ്പിക്കുന്ന മാർഗം കളി, ജാബിർ പാലത്തുങ്കരയും സംഘവും ഒരുക്കുന്ന കോൽക്കളി, ദഫ് മുട്ട്, പരിചമുട്ട്, കാളയാട് ചെമ്പുക്കാവ് രാമചന്ദ്രൻ ഒരുക്കുന്ന മാൻപാട്ട്, കോൽക്കളി, കുണിയൻ പറമ്പത്ത് പൂരക്കളി സംഘത്തിന്റെ പൂരക്കളി, പയ്യമ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് മുതലായവ അരങ്ങേറും. എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസം മെയ് 14 ന് പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും വേദിയിലെത്തും.
മേള ദിവസങ്ങളിൽ കേരളോത്സവം, സർവകലാശാല കലോത്സവം എന്നിവയിൽ ജേതാക്കളായവരുടെ വിവിധ പരിപാടികളും അരങ്ങേറും. ഭിന്നശേഷി വിഭാഗക്കാരുടെ ഗാനമേള, വനിതാ സിവിൽ സർവീസ് ഓഫീസർമാരുടെ ഫ്യൂഷൻ ഡാൻസ്, താവം ഗ്രാമ വേദിയുടെ നാടൻപാട്ട്, ചെറുതാഴം ചന്ദ്രന്റെ പഞ്ചവാദ്യം, സജീവൻ ഇടയിലക്കാട് അവതരിപ്പിക്കുന്ന മലയാള ഗസൽ, എന്നിവ നടക്കും. വയോജന സംഗമം- സംവാദം, വനിതാ സംഗമം, സ്റ്റാർട്ടപ്പ് വർക്ക്ഷോപ്പ്, ലഹരി വിരുദ്ധ ക്യാമ്പസ് ലക്ഷ്യത്തിലൂന്നിയ ശിൽപശാല, കരിയർ ഓറിയന്റേഷൻ പ്രോഗ്രാം, തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.
മേളയുടെ ഭാഗമായി വിവിധ മത്സരങ്ങൾ
മേളയോടനുബന്ധിച്ച് ബ്ലോക്ക്/ ഗ്രാമ പഞ്ചായത്ത് തലത്തിൽ ചിത്ര രചന, ക്വിസ് മത്സരങ്ങൾ നടത്തും. ഓരോ മണ്ഡലത്തിലും എം എൽ എ മാരുടെ മേൽനോട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സര പരിപാടികൾ സംഘടിപ്പിക്കും. മേളയുടെ ഭാഗമായി ജില്ലാതല സംഘാടക സമിതി 'എന്റെ കേരളം' എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കണ്ണൂർ പ്രസ് ക്ലബും സെൻട്രൽ ജയിലുമായി ചേർന്ന് മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന മിക്‌സഡ് വോളി നടക്കും. മേളയിൽ പങ്കെടുക്കുന്നവർക്ക് സെൽഫി, റീൽസ്, ഫോട്ടോഗ്രാഫി മത്സരങ്ങളും സൗഹൃദ വോളിബോൾ മത്സരവും സംഘടിപ്പിക്കും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ഒമ്പതിന്
സർക്കാരിന്റെ നാലാം വാർഷികാഘോഷമായ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് ഒമ്പതിന് രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ താണ സാധു കല്ല്യാണ മണ്ഡപത്തിൽ നടക്കും. ജില്ലയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 വ്യക്തികളെ മുഖ്യമന്ത്രി നേരിൽ കണ്ട് സംവദിക്കും. രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ /തൊഴിലാളി പ്രധിനിധികൾ,യുവജനത, സാംസ്‌കാരിക കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഡി പി സി ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ എംഎൽഎമാരായ കെ.പി മോഹനൻ, കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments