Skip to main content
കല്യാശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഭവന പദ്ധതി പൂർത്തീകരിച്ച അതി ദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി എം വിജിൻ എം എൽ എ പ്രഖ്യാപിച്ചു.

അതിദരിദ്രരും ഭവന രഹിതരുമില്ലാത്ത കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്; പഞ്ചായത്ത്തല പ്രഖ്യാപനം നടത്തി.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഭവന പദ്ധതി പൂർത്തീകരിച്ച അതി ദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി എം വിജിൻ എം എൽ എ പ്രഖ്യാപിച്ചു. ലോകത്തിന് തന്നെ മാതൃകയാകുന്ന കരുത്തുറ്റ പ്രവർത്തനമാണ് സർക്കാർ ഏറ്റെടുത്ത് നടത്തിയതെന്നും അടച്ചുറപ്പുള്ള വീട് എന്ന ഏതൊരു മനുഷ്യന്റെയും സ്വപ്നത്തെ ചേർത്തു പിടിച്ചുകൊണ്ട് ഭവനം നിർമിച്ചു നൽകിയ രാജ്യത്തെ ഏക സർക്കാരാണിതെന്നും എം എൽ എ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ഉടമസ്ഥയായ ശാന്ത ദാമോദരന് എം എൽ എ കൈമാറി. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ മുഖ്യാതിഥിയായി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു.

വീട്, ഭക്ഷണം, ചികിത്സ, ജീവിതോപാധി, എന്നിവ ലഭ്യമാക്കിയാണ് കല്യാശ്ശേരി അതിദരിദ്ര്യരില്ലാത്ത ഗ്രാമപഞ്ചായത്താവുന്നത്. 46 അതി ദരിദ്ര്യരാണ് പഞ്ചായത്തിൽ ആകെ ഉണ്ടായിരുന്നത്. അതിൽ പത്ത് പേർക്ക് വീട് അറ്റകുറ്റപ്പണി ചെയ്തു നൽകുകയും ഒരാൾക്ക് വരുമാന മാർഗമായി സ്വയം തൊഴിൽ സംരംഭം ഒരുക്കുകയും ബാക്കിയുള്ളവർക്ക് മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് അതി ദാരിദ്ര്യ പട്ടികയിൽ നിന്നും കല്യാശ്ശേരി മുക്തമായത്. ലൈഫ് പദ്ധതി പ്രകാരം ഭൂമിയുള്ള അർഹരായ 118 പേർക്കാണ് ഭവനം നൽകുന്നത്. അതിൽ നൂറ് പേർക്കുള്ള ഭവനങ്ങൾ പൂർത്തീകരിച്ചു. 18 ഭവനങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കുടുംബത്തിലെ ഗൃഹനാഥയുടെ പേരിലാണ് ഭവനം അനുവദിക്കുക. ജനറൽ വിഭാഗത്തിൽ ഒരു റേഷൻകാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായി പരിഗണിച്ചാണ് വീട് നൽകുന്നത്. പട്ടിക ജാതി, പട്ടികവർഗം, ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ഭാര്യ, ഭർത്താവ്, മക്കൾ എന്നിവർ കുടുംബമായി പരിഗണിച്ചുമാണ് വീട് അനുവദിക്കുന്നത്. രേഖകൾ ഹാജരാക്കി എഗ്രിമെന്റ് വെച്ച് ഭവന നിർമാണം ആരംഭിച്ചാൽ 40,000 രൂപ ധനസഹായം അനുവദിക്കും. തറ പൂർത്തീകരിച്ച് ഹാജരാക്കുമ്പോൾ 1.60 ലക്ഷം രൂപയും ചുമർ നിർമാണം പൂർത്തീകരിച്ചാൽ ഒരു ലക്ഷം രൂപയും വീട് നിർമാണം പൂർത്തീകരിക്കുമ്പോൾ ഒരു ലക്ഷം രൂപയും ഉൾപ്പെടെ നാല് ലക്ഷം രൂപ ധനസഹായമായി അനുവദിക്കുന്നു. പരിപാടിയുടെ ഭാഗമായി ഇരിണാവ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ എൽഇഡി ബൾബുകളും വിതരണം ചെയ്തു.

കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ, കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ കെ പ്രീത, പി ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ മോഹനൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി വി രവീന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പ്രദീപൻ മാസ്റ്റർ, കല്യാശ്ശേരി വാർഡ് മെമ്പർ സ്വപ്നകുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈലജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
(പടം)

 

date