ഭക്ഷ്യവിതരണം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അവലോകനയോഗം ചേർന്നു
ജില്ലയിലെ ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്തിൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ അവലോകനയോഗം ചേർന്നു. ദേശീയ ഭക്ഷ്യ ഭദ്രതാനിയമം 2013 അനുസരിച്ച് ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം, ശിശുവികസനം, പട്ടികവർഗ വികസനം, ഭക്ഷ്യ പൊതുവിതരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി ഭക്ഷ്യകമ്മീഷൻ വിലയിരുത്തി. പദ്ധതികൾ സംബന്ധിച്ച പരാതികളും അഭിപ്രായങ്ങളും വകുപ്പുകളിൽ നിന്ന് കമ്മീഷൻ ആരാഞ്ഞു. ആദിവാസ മേഖലയിലെ അങ്കണവാടികളിൽ വന്യമൃഗശല്യം കാരണം എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികളുടെ പോഷകാഹാര വിതരണത്തിനുള്ള മാർഗ നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ചെയർമാൻ നിർദേശിച്ചു. അമൃതം പൊടി നിർമാണ യൂണിറ്റുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കമ്മീഷൻ വിശദമായി കേട്ടു. ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി യോഗത്തിൽ അധ്യക്ഷയായി. ജില്ലാ സപ്ലൈ ഓഫീസർ ജി സുമ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസർ സി.എ ബിന്ദു, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ ബിന്ദു, ഡിഇഒ കെ.പി നിർമല, എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ഇ കെ പ്രകാശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments