Skip to main content

തീരദേശ മേഖലയിലെ വേലിയേറ്റ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ജില്ലാ പഞ്ചായത്ത് ശില്പശാല

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വേലിയേറ്റ വെള്ളപ്പൊക്കം കാരണങ്ങളും പ്രശ്ന പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

 

  തീരദേശ മേഖലയിലെ ആളുകൾ വേലിയേറ്റ വെള്ളപ്പൊക്കം മൂലം കുടിയൊഴിയേണ്ടി വരുന്ന സാഹചര്യത്തെ മുൻനിർത്തി നടത്തിയ ശില്പശാലയിൽ കാലാവസ്ഥ വ്യതിയാനം കൃത്യമായ രീതിയിൽ അറിയുന്നതിനായി ഒരു സംവിധാനം വേണമെന്നും ഇതിനായി ഒരു പ്രത്യേക ദുരന്തനിവാരണ നിയമം കൊണ്ടുവരേണ്ടത് ഉണ്ടെന്നും ചെറുത്തുനിൽപ്പിനു വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിനായി പ്രത്യേക ബഡ്ജറ്റ് അനുവദിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ ആവശ്യം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

 

 ജില്ലയിലെ തീരദേശ പ്രദേശങ്ങളിലുള്ള 22 പഞ്ചായത്തിലെ ആളുകളാണ് വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. ഇതിനായി ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ചടങ്ങിൽ സന്നദ്ധ സംഘടനയായ ഇക്യുനോക്ട് അംഗം ഡോ. മധുസൂദനൻ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് വിഷയാവതരണം നടത്തി. ശില്പശാലയോട് അനുബന്ധിച്ച് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു.

 

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കെ ബാബു എംഎൽഎ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്മാർ, പഞ്ചായത്ത് പ്രസിഡൻ്റ്മാർ, ജനപ്രതിനിധികൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date