പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ മുന്നേറ്റം ലക്ഷ്യം: മന്ത്രി ഒ ആര് കേളു സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലാസംഗമം ജില്ലയില്‍ മെയ് 18 ന്
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെ സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സാംസ്കാരികമേഖലകളിലും ഉള്‍ക്കൊള്ളിച്ച് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണമെന്നതാണ് ലക്ഷ്യമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മെയ് 18 ന് മലമ്പുഴ ട്രൈപെന്റ ഹോട്ടലില്‍ നടക്കുന്ന സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലാസംഗമത്തിന്റെ സംഘാടക സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശീയ ജനവിഭാഗമായ പട്ടികജാതി-പട്ടികവര്‍ഗ മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സാസ്കാരിക സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചാലേ വികസനത്തിന് പൂര്‍ണ്ണത ഉണ്ടാകൂ. ഏറെ മുന്നേറ്റം ഉണ്ടായെങ്കിലും ഇനിയും വലിയ പ്രാധാന്യം ഈ വിഭാഗത്തിന് നല്‍കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങള്‍ മുഖ്യ മന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരവും ആവശ്യമുള്ളവയ്ക്കുള്ള തുടര്‍ നടപടികളും ഉറപ്പാക്കുകയാണ് മേഖലാസംഗമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വികസനം ലഭ്യമായിട്ടില്ലാത്ത മേഖലയിലുള്ളവരെ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സാധ്യമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്ക് സാധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
പട്ടികജാതി പട്ടികകവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്തി ഒ.ആര് കേളു ചെയര്‍മാനും
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലയിലെ എം.പി മാര്‍ എന്നിവര്‍ രക്ഷാധികാരികളുമായ സംഘാടക സമിതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി പുനിത് കുമാര്‍ ജനറല്‍ കണ്‍വീനറും, ജില്ലാ കളക്ടറും പട്ടിക ജാതി-പട്ടിക വകുപ്പ് ഡയറക്ടര്‍മാര്‍ കണ്‍വീനര്‍മാരുമാണ്. ജില്ലയിലെ എം. എല്‍. എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്മാന്മാരും എ ഡി എം, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പുകളിലെ അഡീഷ്ണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, അട്ടപ്പാടി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ലോ ആന്‍ഡ് ഓര്‍ഡര്‍ ഉള്‍പ്പെടെ 11 സബ് കമ്മിറ്റികളും സംഘാടക സമിതിയിലുണ്ട്.
യോഗത്തില്‍ എം.എല്‍.എമാരായ കെ.ബാബു, കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, പട്ടികവര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി പുനിത് കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ധര്‍മ്മലശ്രീ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം കെ മണികണ്ഠന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments