രാമനാട്ടുകര-വട്ടക്കിണര്‍ റോഡ് നവീകരണം: ഭൂസര്‍വേക്ക് വിജ്ഞാപനമായി
രാമനാട്ടുകര മുതല്‍ മീഞ്ചന്ത വട്ടക്കിണര്‍ വരെ റോഡ് വീതികൂട്ടി ആധുനിക രീതിയില്‍ നവീകരിക്കുന്ന പദ്ധതിക്കായി ഭൂസര്‍വേ നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനമായി. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 238.96 കോടി ചെലവിട്ട് 9.36 കിലോമീറ്റര്‍ നാലുവരി പാതയായാണ് നവീകരണം.
രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് റോഡ് നവീകരണത്തിനായി ഏറ്റെടുക്കുക. ഇതിനായി ഉടന്‍ സര്‍വേ നടത്തി അതിരുകള്‍ നിശ്ചയിക്കുന്ന കുറ്റികള്‍ സ്ഥാപിക്കും. ഇതിനുശേഷം ഓരോ ഉടമകളുടെയും ഭൂമി അളന്ന് മതിയായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കും. ചാലിയാറിന് കുറുകെ ഫറോക്ക് പുതിയ പാലത്തിനൊപ്പം മറ്റൊരു പാലം നിര്‍മിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് നഗരത്തിലെ ഗതാഗത രംഗത്ത് വന്‍ കുതിപ്പിനിടയാക്കുന്ന റോഡ് വികസനം. ദേശീയപാത 66 ബൈപാസ് ജങ്ഷനെയും കാലിക്കറ്റ് എയര്‍പോര്‍ട്ട് റോഡിനെയും കൂട്ടിയിണക്കി 24 വീറ്റര്‍ വീതിയില്‍ രാജ്യാന്തര നിലവാരത്തിലാണ് റോഡ് നവീകരിക്കുക.
പന്നിയങ്കര-പന്തീരാങ്കാവ് റോഡ്, വട്ടക്കിണര്‍-ബേപ്പൂര്‍ റോഡ് ഉള്‍പ്പെടെ 12 പ്രധാന റോഡുകളും ചെറുവണ്ണൂര്‍, വട്ടക്കിണര്‍ -അരീക്കാട് മേല്‍പ്പാലങ്ങള്‍ എന്നിവയും പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തില്‍ റോഡ് ഗതാഗത രംഗത്ത് വിപ്ലകരമായ മാറ്റമുണ്ടാകുമെന്ന് പെതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണത്തിനായുള്ള ഭൂസര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്ത് എത്രയും വേഗം പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
- Log in to post comments