മെഗാ തൊഴിൽമേള; മുന്നൊരുക്കങ്ങൾ വിലയിരുത്തി
തൃശ്ശൂരിന്റെ വിജ്ഞാന സമ്പത്ത് ഘടന ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലും വിമല കോളേജിലുമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ കേരള വികസന മാതൃകകളിൽ പുതിയ ചരിത്രം രചിക്കുമ്പോൾ വിപുലമായ സജ്ജീകരണങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.
മേളയുടെ രജിസ്ട്രേഷനായി ഗവ. എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിലും പരിസരങ്ങളിലുമായി 60 പവലിയനുകളിലായി ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷൻ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളുടെ പവലിയനുകളിൽ ഗ്രാമപഞ്ചായത്തുകൾക്കായി പ്രത്യേകം കൗണ്ടറുകളും തയ്യാറാക്കി. കൗണ്ടറുകളിൽ നിന്ന് ലഭ്യമാകുന്ന ക്യൂആർ കോഡിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾ അപേക്ഷിച്ച വിവിധ തൊഴിലുകളിൽ മൂന്ന് തൊഴിലുകൾ വരെ തിരഞ്ഞെടുത്ത് ക്ലാസ്റൂമുകളിൽ സജ്ജീകരിച്ചിട്ടുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കാം. ഗവ. എഞ്ചിനീയറിങ് കോളേജിൽ 75 ക്ലാസ്സ് റൂമുകളും വിമല കോളേജിൽ 65 ക്ലാസ് മുറികളുമാണ് അഭിമുഖത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ആവശ്യമായ ദിശാ ബോർഡുകളും സന്നദ്ധ പ്രവർത്തകരുടെ സേവനവും മേളയിൽ ഒരുക്കും.
മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മേയർ എം.കെ വർഗീസ്, തൃശ്ശൂർ കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments